ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‍ഡോസര്‍; യുപി സർക്കാരിന്റെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ദീപിക
|പാകിസ്താനിലെ മതനിന്ദാ നിയമത്തോടാണ് മുഖപ്രസംഗം ഈ നിയമത്തെ ഉപമിച്ചിരിക്കുന്നത്
കൊച്ചി : യുപി സർക്കാരിന്റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരെ സിറോ മലബാർ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാകിസ്താനിലെ മതനിന്ദാ നിയമത്തോടാണ് മുഖപ്രസംഗം ഈ നിയമത്തെ ഉപമിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‍ഡോസറാണ് നിയമമെന്ന് മുഖപ്രസംഗം പറയുന്നു.
നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2023 ഭേദഗതി അടുത്തിടെയാണ് യുപി സർക്കാർ പാസാക്കിയത്. ഈ നിയമപ്രകാരം ഒരു വ്യക്തി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കുറ്റാരോപണം നേരിട്ടാല്‍ നിരപരാധിയാണെന്ന് അയാള്‍ തന്നെ തെളിയിക്കണം. പാകിസ്താനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തോടാണ് ദീപിക ഇതിനെ ഉപമിക്കുന്നത്.
ഇരുപത് വർഷം തടവോ ജീവപര്യന്തമോ ആണ് യുപി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. ഇരയുമായി ബന്ധമുള്ളവർക്ക് മാത്രമാണ് നേരത്തേ പരാതി നല്കാന് അവകാശമുണ്ടായിരുന്നത്. പുതിയ നിയമത്തില്‍ ആർക്കും രാജ്യത്തെ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയും ആള്‍ക്കൂട്ട കൊല നടക്കുകയും ചെയ്യുന്ന യുപി പോലൊരു സംസ്ഥാനത്ത് ഈ നിയമം ഏത് രീതിയിലാണ് നടപ്പാക്കുകയെന്ന ആശങ്കയും മുഖപ്രസംഗം പങ്കിടുന്നു.
ഈ നിയമം മാത്രമല്ല നിയമം കൈകാര്യം ചെയ്യുന്നവരുടെ രാഷ്ട്രീയവും പ്രധാനമാണ്. ഗോവധ നിരോധന നിയമം രാജ്യത്ത് നേരത്തേ ഉള്ളതാണെങ്കിലും ബി.ജെ.പി അധികാരത്തില്‍ വന്നപ്പോഴാണ് അത് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
അരുണാചൽപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊക്കെ യുപി മാതൃകയാകാനിടയുണ്ട്. അതേസമയം, മറ്റു മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ‘ഘർവാപസി’ സംഘപരിവാർ വിഘ്നമില്ലാതെ നടത്തുന്നുമുണ്ട്. കേസോ അന്വേഷണമോ ഒന്നുമില്ല.
യുപിയിലെ തെരഞ്ഞെടുപ്പു പരാജയവും പാർട്ടിയിലെ തമ്മിലടിയും ദോഷമായി ഭവിച്ചതോടെയാവാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വർഗീയവാദികളെ പ്രീണിപ്പിക്കുന്ന പുതിയ ഭേദഗതി കൊണ്ടുവന്നത്. അതു പാർട്ടിക്കു ഗുണകരമായിരിക്കും; രാജ്യത്തിന് ഒട്ടുമല്ല. യഥാർഥ രാജ്യസ്നേഹികൾ ഇതിനെതിരേ നിലകൊള്ളേണ്ടതുണ്ട്. പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അനുഭവിക്കുന്നത് തങ്ങൾ അനുഭവിക്കേണ്ടിവരുമോയെന്ന ആശങ്ക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകരുത്....മുഖപ്രസംഗത്തില്‍ പറയുന്നു.