സജി ചെറിയാൻ്റ വിടുവായിത്തം തിരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചില്ല; ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ദീപിക
|സഭാ മേലധ്യക്ഷൻമാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു
കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിമര്‍ശനത്തില്‍ മറുപടിയുമായി ദീപിക. സജി ചെറിയാൻ്റ വിടുവായിത്തം തിരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. സഭാ മേലധ്യക്ഷൻമാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു. ഇതിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി തീക്കൊളളി കൊണ്ട് തല ചൊറിയുന്നു.നവകേരള സദസിൽ പങ്കെടുത്തപ്പോൾ സജി ചെറിയാന് രോമാഞ്ചമുണ്ടായോയെന്നും ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
'രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം?' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മന്ത്രിക്കെതിരെ ദീപിക വിമര്‍ശമുന്നയിച്ചിരിക്കുന്നത്. സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോട് പറയട്ടെ,കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവര്‍.അതില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്നു സംശയിക്കണമെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
കെ.ടി ജലീലിനെതിരെയും വിമര്‍ശനമുയര്‍ത്തുന്നുണ്ട്. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തിലാണ് കെ.ടി ജലീല്‍ ദുഷ്ടലാക്ക് കണ്ടത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിഷംചീറ്റലര്‍. കെസിബിസി സംഘാടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുസ്‍ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒന്നിച്ചുവേദി പങ്കിട്ടതാണ് ജലീലിനെ അസ്വസ്ഥനാക്കിയത്. ഭരണാധികാരികള്‍ ,അതു പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാനേതൃത്വം എക്കാലത്തും പുലര്‍ത്തിപ്പോരുന്ന മര്യാദയാണ്. കേരള മുഖ്യമന്ത്രി നവകേരള സദസ്സിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാര്‍ പങ്കെടുത്തിരുന്നു. അതുകണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്നുകൂടി അറിയേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.