Kerala
ദീപുവിന്റെ മരണം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി. വി ശ്രീനിജൻ എംഎൽഎ
Kerala

ദീപുവിന്റെ മരണം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി. വി ശ്രീനിജൻ എംഎൽഎ

Web Desk
|
19 Feb 2022 5:09 AM GMT

തന്റെ ഫോൺ ഉൾപ്പെടെ പരിശോധിക്കാം. കിറ്റക്സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോടുള്ളത്

സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി. വി ശ്രീനിജൻ എംഎൽഎ.

തന്റെ ഫോൺ ഉൾപ്പെടെ പരിശോധിക്കാം. ദീപുവിന്റെ മരണം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. കിറ്റക്സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോട്. തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം തന്നെ നിറവും ജാതിയും പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും ശ്രീനിജൻ പറഞ്ഞു.

ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമാണെന്നും ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്നുമാണ് സാബു ജേക്കബ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എം.എൽ.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങൾ ബന്ധുക്കളും, ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.സംഘർഷ സാധ്യത ഉള്ളതിനാൽ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകൾ.

അതേസമയം സംഭവത്തിലെ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്.

Similar Posts