എം.വി.ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; സിജെഎം കോടതിയുടെ തീരുമാനം പിന്നീട്
|എം.വി.ഗോവിന്ദൻ നിയമസഭാംഗമായതിനാൽ കേസ് ഈ കോടതിക്ക് പരിഗണിക്കാനാകുമോ എന്നതും പരിശോധിക്കും
എം.വി.ഗോവിന്ദനെതിരായ സുധാകരന്റെ മാനനഷ്ടക്കേസ് ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ സി.ജെ.എം കോടതി പിന്നീട് തീരുമാനമെടുക്കും. വിവാദ വിഷയം ആയതിനാൽ ഇക്കാര്യത്തിൽ രണ്ട് തവണ ചിന്തിക്കേണ്ടതുണ്ടെന്നും കോടതി. എം.വി.ഗോവിന്ദൻ നിയമസഭാംഗമായതിനാൽ കേസ് ഈ കോടതിക്ക് പരിഗണിക്കാനാകുമോ എന്നതും പരിശോധിക്കും.
ഇന്നലെ വൈകിട്ടാണ് എറണാകുളം സിജെഎം കോടതിയിൽ കെ.സുധാകരൻ എംവി ഗോവിന്ദനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. എംവി ഗോവിന്ദനെ കൂടാതെ പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെയും സുധാകരൻ അപകീർത്തി കേസ് നൽകി. പി.പി.ദിവ്യക്കും ദേശാഭിമാനിക്കുമെതിരായ കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, എംവി ഗോവിന്ദൻ നിയമസഭാംഗം ആയതിനാൽ കേസ് സിജെഎം കോടതിയുടെ അധികാരപരിധിയിൽ നിൽക്കുമോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.
ജില്ലാ കോടതിയിൽ തന്നെ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുക മറ്റ് കോടതികളിലേക്ക് മാറ്റാനുള്ള നീക്കമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നാണ് സൂചന.
മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് എം.വി.ഗോവിന്ദൻ സുധാകരനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. അതേസമയം, പോക്സോ കേസിലെ പരാമർശത്തിൽ കെ.സുധാകരന്റെ പരാതിയിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. താൻ നടത്തിയ പ്രസ്താവന സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.