മാലിന്യനിർമാർജന കരാറിലെ ആരോപണം; ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസ്
|സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നു കാട്ടിയാണ് മാനനഷ്ടക്കേസ്.
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസ്. മുൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ആരോപണത്തിനു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും കാട്ടിയാണ് മാനനഷ്ടക്കേസ്.
ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങള്‍ തന്റെ രാഷ്ട്രീയ ജിവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വൻ പറയുന്നു. കോർപ്പറേഷനിലെ മാലിന്യനിർമാർജന കരാർ വൈക്കം വിശ്വന്റെ മരുമകന് നൽകിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു ടോണി ചമ്മിണിയുടെ ആരോപണം.
അതേസമയം, കരാർ സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ടോണി ചമ്മണി രംഗത്തെത്തി. സോണ്ടയുമായി മുഖ്യമന്ത്രി നെതർലൻഡ്സിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും 2019ൽ അവിടം സന്ദർശിപ്പോഴായിരുന്നു ഇതെന്നും ടോണി ആരോപിച്ചു.
സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്നും മൂന്ന് ജില്ലകളിൽ കരാർ ഒപ്പിട്ടത് നിയമവിരുദ്ധമായാണെന്നും ചിത്രങ്ങൾ പുറത്തുവിട്ട് ടോണി ചമ്മണി ആരോപിച്ചു. മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി. ഇത് നിയമാനുസൃതമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.