Kerala
തൃക്കാക്കരയിലെ തോൽവി; പ്രചാരണ രീതിക്കെതിരെ സി.പി.ഐയിൽ വിമർശനം
Kerala

തൃക്കാക്കരയിലെ തോൽവി; പ്രചാരണ രീതിക്കെതിരെ സി.പി.ഐയിൽ വിമർശനം

Web Desk
|
8 Jun 2022 1:03 PM GMT

എത്ര വലിയ പ്രചരണം നടന്നാലും അവിടെ ജയിക്കില്ലെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല, എൽ.ഡി.എഫ് വോട്ടുകൾ പോലും മണ്ഡലത്തിൽ നഷ്ടമായെന്നും വിമർശനം

എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ്​പ്രചാരണ രീതിക്കെതിരെ സി.പി.ഐ സംസ്ഥാനഎക്സിക്യൂട്ടീവില്‍ വിമർശനം. മണ്ഡലത്തിന്റെ സ്വഭാവം മനസിലാക്കാതെയാണ് പ്രചാരണം നടന്നത്. എത്ര വലിയ പ്രചാരണം നടന്നാലും അവിടെ ജയിക്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. എൽ.ഡി.എഫ് വോട്ടുകൾ പോലും മണ്ഡലത്തില്‍ നഷ്ടമായി. ഇടത് വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകോപിപ്പിച്ചപ്പോള്‍ തോൽവിയുടെ ആക്കം കൂടിയെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.

തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ബൂത്ത് തലത്തിൽ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതിരുന്നത് വിശദമായി പരിശോധിക്കാന്‍ സി.പി.എം തീരുമാനമെടുത്തിരുന്നു. തോൽവിയെക്കാൾ, തോറ്റ രീതിയാണ് സി.പി.എമ്മിന് കൂടുതൽ തിരിച്ചടിയായത്. സർക്കാറിന്റെ സിൽവർ ലൈൻ സ്വപ്നങ്ങളുടെ വേഗം കുറയ്ക്കാനും ഈ പരാജയം കാരണമാകും.

യു.ഡി.എഫിന്റെ കുത്തക മണ്ഡലം തിരിച്ച് പിടിക്കുമെന്ന് പറഞ്ഞ് പാർട്ടി നേതൃനിരയും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും തൃക്കാക്കരയിൽ തമ്പടിച്ചപ്പോൾ ചെറിയ പ്രതീക്ഷ സി.പി.എം നേതൃത്വത്തിനുണ്ടായിരിന്നു. പ്രദേശിക നേതൃത്വം നൽകിയ കണക്ക് പ്രകാരം ചെറിയ വോട്ടുകൾക്ക് മാത്രമായിരുന്നു പാർട്ടി പുറകിലുണ്ടായിരുന്നത്. പ്രചണ്ഡമായ പ്രചാരണം നടന്നതുകൊണ്ട് നേതൃത്വം ഇത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷിച്ച അട്ടിമറി നടന്നില്ലെന്ന് മാത്രമല്ല, കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

Similar Posts