Kerala
abhimanyu
Kerala

അഭിമന്യു കേസ്: കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി

Web Desk
|
25 March 2024 6:36 AM GMT

നഷ്ടപ്പെട്ട 11 രേഖകളുടെ സെർട്ടിഫൈഡ് കോപ്പികൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു

കൊച്ചി:അഭിമന്യു കേസിൽ കോടതിയിൽനിന്ന് കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി. പ്രോസിക്യൂഷന്റെ പകർപ്പ് പ്രതിഭാഗത്തിന്റെ കയ്യിലുള്ള രേഖകളുമായി ഒത്തുനോക്കാൻ മാർച്ച് 30 ന് ഉച്ചയ്ക്ക് 2.30 നാണ് സമയം അനുവദിച്ചത്. ശിരസ്താർ, അഭിഭാഷകർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തേണ്ടത്.

കേസിലെ കുറ്റപത്രമുൾപ്പെടെ നഷ്ടപ്പെട്ട 11 രേഖകളുടെ സെർട്ടിഫൈഡ് കോപ്പികൾ മാർച്ച് 18ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പ്രതിഭാഗം എതിർപ്പറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് രേഖകൾ പുൻനിർമിച്ചതെന്നും അത് ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ രേഖകൾ പ്രതിഭാഗത്തിന്റെ കയ്യിലുണ്ട്. ഇതിന്റെ സുതാര്യത പരിശോധിക്കാൻ പ്രോസിക്യൂഷൻ പുനർനിർമിച്ച രേഖകളുമായി ഇവ താരതമ്യം ചെയ്യാമെന്നും അന്ന് കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.

കേസിലെ രേഖകൾ നഷ്ടപ്പെട്ടത് 2019 ജനുവരിയിലാണെന്ന് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 23 ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതൊടെ ഹൈക്കോടതിയിൽ വിവരം അറിയിച്ചെന്നും കോടതി പറഞ്ഞു. കോടതിയിൽ നിന്ന് രേഖ നഷ്ടപ്പെട്ടത് പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകൾ കാണാതാവുന്നത് സാധാരണയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Similar Posts