പെട്രോൾ പമ്പിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ
|സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്
കൊച്ചി: എറണാകുളത്ത് പെട്രോൾ പമ്പിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. പറവൂർ കൊട്ടുവള്ളി സഹീറാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
എറണാകുളം നോർത്തിലെ പെട്രോൾ പമ്പിൽനിന്നും കഴിഞ്ഞ മാസം 29നു രാത്രിയിലാണ് പണം കവർന്നത്. പമ്പിലെ ജീവനക്കാരന്‍റെ കഴുത്തിൽ കത്തി വെച്ചു ഭീഷണിപ്പെടുത്തിയാണ് സഹീർ പണം തട്ടിയത്. സംഭവം നടന്നതിന് പിന്നാലെ എറണാകുളം നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ ബൈജു ഇ. ആറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുന്നൂറോളം സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അക്രമം നടത്തിയപ്പോൾ ആളെ തിരിച്ചറിയാതിരിക്കാനായി ഹെൽമെറ്റ് വയ്ക്കുകയും മുഖം തുണികൊണ്ട് മറക്കുകയും ചെയ്തിരുന്നു. കൂടാതെ വന്ന വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുകയും ചെയ്തിരുന്നു. സഹീർ മുൻപ് 2016ൽ പറവൂർ ബീവറേജ് ഔട്ട്ലെറ്റ് കുത്തി പൊളിച്ചു പണവും മദ്യവും മോഷ്ടിച്ചതിനും 2018ൽ കളമശ്ശേരി കുസാറ്റിൽ വിദ്യാർഥികളെ ആക്രമിച്ച കേസിലും പ്രതിയാണ്.