മാന്നാർ കല കൊലക്കേസിൽ വക്കാലത്തൊഴിഞ്ഞ് പ്രതിഭാഗം; അനിലിനെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതം
|സിപിഎം ലോക്കൽ സെക്രട്ടറിയായ അഡ്വ.സുരേഷ് മത്തായിയാണ് വക്കാലത്ത് ഒഴിഞ്ഞത്. പാർട്ടി നിർദ്ദേശപ്രകാരമെന്ന് സൂചന.
ആലപ്പുഴ: മാന്നാർ കലാ കൊലപാതക കേസിൽ പ്രതിഭാഗം വക്കാലത്ത് ഒഴിഞ്ഞു. അഭിഭാഷകൻ സുരേഷ് മത്തായിയാണ് വക്കാലത്ത് ഒഴിഞ്ഞത്. വക്കാലത്ത് ഒഴിഞ്ഞത് കോടതി അംഗീകരിച്ചു. പ്രതികളുടെ ജാമ്യത്തിന് ഇനി മേൽക്കോടതിയെ സമീപിക്കേണ്ടിവരും.
പുതിയ അഭിഭാഷകൻ പ്രതികളുടെ ഭാഗത്തിനുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത ശേഷമേ ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിക്കാനാകൂ. സുരേഷ് മത്തായി സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. പാർട്ടി നിർദ്ദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞതെന്നാണ് സൂചന.
അതേസമയം, കേസിൽ പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികൾ. കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കല കാമുകനൊപ്പം പോയെന്ന് പ്രചരിപ്പിച്ചതിനാൽ ബന്ധുക്കളും കാര്യമായ അന്വേഷണത്തിന് ഒരുങ്ങിയിരുന്നില്ല. ഇതിനിടെ കലയുടേത് കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസിന് ലഭിച്ച ഊമക്കത്താണ് കേസിൽ നിർണായകമായത്.