'ഇന്ത്യയുടെ ഭൂമി വിട്ടുകൊടുക്കില്ല, ചൈനയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ സൈന്യം സജ്ജം'; രാജ്‌നാഥ് സിങ്
|വിഷയത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമായി
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ ഏത് നീക്കത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ഇന്ത്യയുടെ ഭൂമി ആർക്കും വിട്ട് നൽകില്ലെന്നു പ്രതിരോധനമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയിൽ പറഞ്ഞു. ഒറ്റ ഇന്ത്യൻ സൈനികനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്ത്യൻ സൈന്യം നടത്തിയ ചെറുത്ത് നിൽപ്പിലൂടെ ചൈനീസ് സൈന്യം പിൻവാങ്ങി എന്നും ഏറ്റുമുട്ടൽ വിശദീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.
അതേസമയം, സൈനികർ തമ്മിലുണ്ടായ സംഘർഷത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷപാർട്ടികൾ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചു. രണ്ട് മണിക്ക് രാജ്യസഭയിലും പ്രതിരോധ മന്ത്രി നിലപാട് വിശദീകരിക്കും.
സംയുക്ത സൈനിക മേധാവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, മൂന്ന് സൈനിക വിഭാഗം തലവന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നതിന് ശേഷമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തവാങ് സംഘർഷത്തിൽ കേന്ദ്ര സർക്കാർ നിലപാട് സഭയെ അറിയിച്ചത്.
സഭയിൽ എത്തും മുൻപ് പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 6 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷ ബഹളത്തിൽ സഭാ നടപടികൾ തടസപ്പെട്ടു. ഗാൽവാൻ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യയുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാന മന്ത്രിയുടെ വാക്കുകൾ മല്ലികാർജുൻ ഖാർഗെ ലോക്‌സഭയെ ഓർമിപ്പിച്ചു.
കോൺഗ്രസ് ചൈനയിൽ നിന്നും സംഭാവന സ്വീകരിച്ച പാർട്ടിയാണ് എന്നും സഭാ നടപടികൾ കോൺഗ്രസ് അകാരണമായി തടസ്സപ്പെടുത്തുന്നു എന്നും അമിത് ഷാ കുറ്റപ്പെടുത്തി. അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് അരുണാചൽ അതിർത്തിയിൽ ഇന്ത്യ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആസാം ബേസ് ക്യാംപിൽ നിന്നും അതിർത്തിക്ക് സമീപത്തേക്ക് യുദ്ധവിമാനങ്ങൾ എത്തിച്ച് വ്യോമമാർഗം ഉള്ള ചൈനീസ് നീക്കം തടയാനാണ് ഇന്ത്യയുടെ ശ്രമം.