ആറളം ഫാമിൽ മരം കൊള്ള; ഇരൂളും ആഞ്ഞിലിയും അടക്കമുള്ള സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തി
|പുനർ കൃഷിക്കായി പാഴ് മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് മരം കൊള്ള
കണ്ണൂർ: ആറളം ഫാമിൽ അനധികൃത മരം മുറി. സംരക്ഷിത മരങ്ങൾ ഫാമിൽ നിന്ന് മുറിച്ച് കടത്തി. കൂറ്റൻ ഇരൂളും ആഞ്ഞിലിയും അടക്കമുള്ള മരങ്ങളാണ് അനധീകൃതമായി മുറിച്ചു മാറ്റിയത്. പുനർ കൃഷിക്കായി പാഴ് മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് മരം കൊള്ള. അഞ്ചാം ബ്ലോക്കിലെ 1500 ഏക്കറിൽ സ്വകാര്യവ്യക്തിക്ക് പൈനാപ്പിൾ കൃഷി നടത്താൻ കശുമാവും പാഴ്‌മരങ്ങളും മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്തുകയായിരുന്നു. നാലുമുതൽ എട്ടടിവരെ വണ്ണമുള്ള ഇരൂളും ആഞ്ഞിലിയും കടത്തിയവയിൽപ്പെടും.
അതേസമയം സംരക്ഷിത മരങ്ങൾ മുറിച്ചത് അറിഞ്ഞില്ലെന്നാണ് ഫാം അധികൃതരുടെ വിശദീകരണം. 1500 ഏക്കറിലാണ് പുനർ കൃഷിക്കായി പാഴ് മരങ്ങൾ മുറിക്കാൻ കരാർ നൽകിയത്.ഫാമിൽ പൈനാപ്പിൾ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കശുമാവ് അടക്കമുള്ള പാഴ് മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനമായത്.
എന്നാൽ അനധികൃത മരം മുറിക്കു പിന്നിൽ ഫാം അധികൃതർ തന്നെയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അനിധകൃതമായി വെട്ടിമാറ്റിയ മരങ്ങളിൽ ഭൂരിപക്ഷവും ഫാമിൽ നിന്ന് കടത്തിയിട്ടുണ്ട്. ഏതാനും മരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.