ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബി.ജെ.പി - ആം ആദ്മി പോരും
|രണ്ടാഴ്ചയായി ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു
ഡല്‍ഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. 350 ന് അടുത്താണ് വായു ഗുണനിലവാര സൂചിക. മലിനീകരണത്തിന്‍റെ പേരിൽ ബി.ജെ.പി - ആം ആദ്മി പോര് സംസ്ഥാനത്ത് തുടരുകയാണ്.
രണ്ടാഴ്ചയായി ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു. 329 താണ് കഴിഞ്ഞ മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് അടുത്തുള്ള നോയിഡയിൽ 340 ഗുരുഗ്രാമിൽ 319 എന്നിങ്ങനെയാണ് വായു ഗുണനിലവാരം. വിവിധ ഇടങ്ങളിൽ സ്മോഗ് ടവറുകൾ സ്ഥാപിച്ച് മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മലിനീകരണ തോത് ഉയർന്ന് നിൽക്കുന്നു. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മാറികടന്ന് പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും വ്യവസായ ശാലകളിൽ നിന്നുയരുന്ന പുകയും വാഹനങ്ങിലെ പുകയും മലിനീകരണ തോത് ഉയർത്തുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോർട്ട്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.
വായു മോശമായതിനാൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളളവരും പ്രായമായവരും കഠിനാധ്വാനമുള്ള ജോലികളിൽ ഏർപ്പെടരുതെന്ന് ആരോഗ്യ വിഭാഗം നിർദേശിച്ചു. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കാൻ എഎപി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.