Kerala
കശ്മീർ വിവാദ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവ്
Kerala

കശ്മീർ വിവാദ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവ്

Web Desk
|
12 Sep 2022 9:49 AM GMT

ബി.ജെ.പി പ്രവർ‍ത്തകനും സുപ്രിംകോടതി അഭിഭാഷകനുമായ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീൽ എം.എൽഎയ്ക്കെതിരെ കേസെടുക്കാൻ ഡൽഹി കോടതി നിർ‍ദേശം. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ഡൽഹി പൊലീസിനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർ‍ത്തകനും സുപ്രിംകോടതി അഭിഭാഷകനുമായ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.

കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം ഡൽഹി പൊലീസിന് ജി.എസ്.മണി പരാതി നൽകിയിരുന്നു. കേസെടുക്കാതിരുന്നതിനെ തുടർന്ന് ഹരജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഹരജിയിൽ‍ ആവശ്യപ്പെട്ടിരുന്നു.

ഹരജിയിൽ കോടതി ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതു പ്രകാരം ഡൽഹി പൊലീസ് സെപ്തംബർ ആറിന് ഡൽഹി റോസ് അവന്യു കോടതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജലീലിനെതിരെ എഫ്.ഐ.ആർ‍ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

നേരത്തെ, എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ‍ നൽകിയ ഹരജിയിൽ‍ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. തുടർ‍ന്ന് കീഴ്‌വാഴ്പൂർ പൊലീസ് ഐപിസി 153 ബി വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഡൽഹി കൂടാതെ, തിരുവനന്തപുരം പൊലീസിലും ജലീലിനെതിരെ പരാതി ലഭിച്ചിരുന്നു. എബിവിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ജമ്മു കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ ചില പരാമർശങ്ങളാണ് വിവാദമായത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ" എന്നറിയപ്പെട്ടു, ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

സംഭവം ദേശീയതലത്തിലടക്കം ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ച ജലീൽ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കാശ്മീർ എന്നെഴുതിയാൽ അതിൻ്റെ അർഥം മനസിലാക്കാനാവാത്തവരോട് സഹതാപം മാത്രം എന്നായിരുന്നു ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പരാമർശം വ്യാപക ചർച്ചയ്ക്കിടയായതോടെ അന്നേ ദിവസം തന്നെ ഇതും പിൻവലിച്ചു. എന്നാൽ നിയമനടപടികൾ തുടരുകയായിരുന്നു.

Similar Posts