Kerala
defamatoryremarksagainstMAYusufAli, MAYusufAlinoticeagainstShajanSkariah, ShajanSkariahapologizes, MarunadanMalayalidefamationcase
Kerala

അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു; സാജൻ സ്‌കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Web Desk
|
27 May 2023 7:02 AM GMT

അപകീർത്തികരമായ വാർത്തകൾ 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്‌പെൻഡ് ചെയ്യാൻ യൂട്യൂബിന് കോടതി നിർദ്ദേശം

ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്‌കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. സാജൻ സ്‌കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു.

ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്‌കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ അവരുടെ ചാനൽ സസ്‌പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗ്‌ളിനും ഹൈക്കോടതി നിർദ്ദേശം നൽകി.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്‌കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്‌കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്‌കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.


Delhi High Court said that the owner of Marunadan Malayali, Sajan Skaria, is abusing the right to freedom of expression guaranteed by the constitution to the citizen.

Similar Posts