ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ഇസ്രായേലിനെതിരെ അണിനിരക്കണം:പി.മുജീബു റഹ്മാന്‍
|ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത പശ്ചാത്തലത്തിലാണ് മുജീബു റഹ്മാന്‍റെ പ്രതികരണം
ലോകമെമ്പാടുമുള്ള ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ഇസ്രായേലിനെതിരെ അണിനിരക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബുറഹ്മാന്‍. ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത പശ്ചാത്തലത്തിലാണ് മുജീബു റഹ്മാന്‍റെ പ്രതികരണം. ഒരു ജനതയെ കൊന്ന് തീർത്തശേഷം ഗസ്സ സ്വന്തമാക്കാമെന്നത് നെതന്യാഹുവിന്‍റെ വ്യാമോഹമാണെന്ന് മുജീബുറഹ്മാന്‍ കുറിച്ചു.
കൊച്ചു കുട്ടികൾ ഉൾപ്പടെ 500 ലധികം പേരാണ് മരണപ്പെട്ടത്. യു എൻ പ്രമേയങ്ങളും,അന്താരാഷ്ട്ര യുദ്ധനിയമങ്ങളും കാറ്റിൽ പറത്തിയ മനുഷ്യത്വത്തിന്റെ അംശംപോലും തൊട്ടുതീണ്ടായിട്ടില്ലാത്ത ഒരു ചട്ടമ്പിരാജ്യത്തിന്റെ ഭീകരാക്രമണങ്ങൾ തുടരുകയാണ്. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാളികൾ, ജനാധിപത്യവാദികൾ, സമാധാന കാംക്ഷികൾ തുടങ്ങി എല്ലാവരും ഇസ്രായേലിനെതിരെ അണിനിരക്കണമെന്ന് അദ്ദേഹം കുറിച്ചു.
മുജീബു റഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
17 വർഷമായി സ്വന്തം ജൻമനാട്ടിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയുമെല്ലാം നിരാകരിക്കപ്പെട്ട് ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയ ഗസ്സയിൽ ഇപ്പോൾ ഹോസ്പിറ്റലിന് ബോംബിട്ടിരിക്കുന്നു. കൊച്ചു കുട്ടികൾ ഉൾപ്പടെ 500 ലധികം പേർ മരണപ്പെട്ടിരിക്കുന്നു. യു എൻ പ്രമേയങ്ങളും,അന്താരാഷ്ട്ര യുദ്ധനിയമങ്ങളും കാറ്റിൽ പറത്തിയ മനുഷ്യത്വത്തിന്റെ അംശംപോലും തൊട്ടുതീണ്ടായിട്ടില്ലാത്ത ഈ ചട്ടമ്പിരാജ്യത്തിന്റെ ഭീകരാക്രമണങ്ങൾ തുടരുകയാണ്.
ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാളികൾ, ജനാധിപത്യവാദികൾ, സമാധാന കാംക്ഷികൾ എല്ലാവരും ഒന്നു ചേർന്ന് ഇസ്റായേലിനെതിരെ അണിനിരക്കുക. സയണിസ്റ്റ് ഭീകരൻ നെതന്യാഹുവും കൂട്ടരുമറിയുക, ഒരു ജനതയെ കൊന്ന് തീർത്തശേഷം ഗസ്സ സ്വന്തമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.
ഖുദ്സിനെ നെഞ്ചേറ്റിയ ലോകത്തെ ജനകോടികളെ കൊന്ന് തീർക്കാൻ നിങ്ങളുടെയും അമേരിക്കയുടെയും ആയുധങ്ങൾ മതിയാവുകയില്ല. ഗസ്സയിൽ പിടഞ്ഞു വീഴുന്ന ഓരോ രക്തസാക്ഷിയും ഇസ്രായേലിനെതിരെ ലോകാമെമ്പാടും പടർത്തുന്ന സമരാഗ്നിയണക്കാൻ നിങ്ങളുടെ കയ്യിലെ ഒരു സാങ്കേതികവിദ്യക്കും സാധ്യമല്ല. ഇനിയും ഒരു ജനതയെ തീ ബോംബ് കൊണ്ട് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഭാവമെങ്കിൽ ഏഴര പതിറ്റാണ്ട് കാലം തീതുപ്പുന്ന നിങ്ങളുടെ പീരങ്കികളെ അതിജീവിച്ച ഒരു ജനതയെ നിങ്ങളുടെ തീ ബോംബ് ഒട്ടും ഭയപ്പെടുത്തുകയില്ല.
മരണത്തിന്റെ കണക്ക് പുസ്തകമാണ് നിങ്ങൾ തുറന്ന് വെക്കുന്നതെങ്കിൽ നിങ്ങൾ ജീവിതത്തെ ഇഷ്ടപ്പെടുന്നത് പോലെ മരണത്തെ ഇഷ്ടപ്പെടുന്ന ഈ ജനത,മരണത്തിന്റെ മാലാഖമാരെ പുഞ്ചിരിയോടെ സ്വീകരിക്കുന്നത് നിങ്ങൾക്ക് മനസ്സിലാവില്ല. എല്ലാ അടിസ്ഥാനാവശ്യങ്ങളും പൗരാവകാശങ്ങളും അറുത്ത് മാറ്റപ്പെട്ടതിനു ശേഷം ഗസ്സയിൽ ഫലസ്തീൻ പോരാളികള്‍ അനുഭവിക്കുന്ന മനസ്സമാധാനത്തിന്റെയും നിർഭയത്വത്തിന്റെയും ഒരംശംപോലും അനുഭവിക്കാൻ ആയുധപ്പുരക്ക് അടയിരിക്കുന്ന സയണിസ്റ്റുകൾക്കാവില്ല.
നിങ്ങൾക്കുറങ്ങാനവില്ല. ഗസ്സയിലെ കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ട് നിങ്ങൾ ഞെട്ടിയുണരും. നിങ്ങളുടെ ഉറക്കത്തിലും അവർ നിങ്ങളെ കല്ലെറിഞ്ഞ് കൊണ്ടേയിരിക്കും. നിങ്ങളുടെ മനോ നിലതെറ്റും. ഫലസ്തീനി പൊരുതും, ഉറങ്ങും, രക്തസാക്ഷിയാവും. സന്തോഷത്തോടെ. ഖുദ്സിന്റെ വിമോചനം അവർ സാധ്യമാക്കും.