'അംഗീകരിക്കാനാവാത്തത്': ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ചതിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി
|മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
എറണാകുളം: എറണാകുളം പറവൂരിൽ ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ചതിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എറണാകുളം വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും അധിക ചിലവ് ഉണ്ടായാൽ പോലും വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചും മന്ത്രി ഉറപ്പ് നൽകി.
എറണാകുളം കുന്നുകര പഞ്ചായത്താണ് 13കാരന് പഠനം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് മാറി എന്ന കാരണം ചൂണ്ടിക്കാട്ടി 7 വർഷമായി പഠിക്കുന്ന സ്നേഹതീരം എന്ന സ്കൂളിൽ നിന്ന് കുട്ടിയെ വിലക്കുകയായിരുന്നു. പഞ്ചായത്തിലെ വിദ്യാർഥികൾക്ക് മാത്രമേ പഞ്ചായത്ത് വക സ്കൂളിൽ പഠിക്കാൻ കഴിയൂ എന്നായിരുന്നു വിശദീകരണം. എന്നാൽ സ്കൂളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇക്കാര്യം കുട്ടിയുടെ അധികൃതരെ അറിയിച്ചെങ്കിലും കുട്ടിയെ ഇരുത്താൻ സ്ഥലമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
കുടുംബം പുതിയ വീട് വച്ചതിനെ തുടർന്നാണ് മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറുന്നത്. ഈ പഞ്ചായത്തിൽ കുട്ടിക്കുള്ള ബഡ് സ്കൂളില്ല. കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റിനാണ് എതിർപ്പ് എന്നാണ് രക്ഷിതാക്കൾ അറിയിക്കുന്നത്.