പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; പുതിയ തസ്തിക
|പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടെയും അക്കാദമിക മോണിറ്ററിങ് ചുമതല ഈ ഓഫീസർക്കായിരിക്കും.
തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പ്രത്യേക ക്രമീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടിത്തട്ടിൽ അക്കാദമിക മോണിറ്ററിങ് ഊർജിതമാക്കാൻ പഞ്ചായത്ത് എജ്യൂക്കേഷൻ ഓഫീസർ എന്ന പേരിൽ തസ്തിക രൂപീകരിക്കും. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്ന് അഭിരുചിയുള്ളവരെ കണ്ടെത്തിയാകും നിയമനം നടത്തുക.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയാൽ മാത്രമേ ഗുണമേന്മാ വിദ്യാഭ്യാസത്തിൽ മുന്നോട്ടുപോവാൻ കഴിയൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്പെഷ്യൽ റൂൾസിൽ പറയുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിലുള്ള പ്രൈമറി സ്കൂളുകളുടെ ചുമതല മാത്രമേ ഗ്രാമപഞ്ചായത്തുകൾക്കുള്ളൂ. സെക്കൻഡറി സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള വിഭാഗത്തിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്.
അതുകൊണ്ടുതന്നെ ഒരു പ്രദേശത്തെ മുഴുവൻ പ്രൈമറി കുട്ടികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു. ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന നിലയ്ക്കാണ് പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസറെ നിയമിക്കുന്നത്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടെയും അക്കാദമിക മോണിറ്ററിങ് ചുമതല ഈ ഓഫീസർക്കായിരിക്കും. സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരിച്ചെത്തിക്കൽ, സാമൂഹികമായും സാമ്പത്തികമായും പിന്നോട്ടുനിൽക്കുന്ന കുട്ടികൾക്കുള്ള പിന്തുണ നൽകൽ, അരികുവൽക്കരിക്കപ്പെട്ട കുരുന്നുകളെ ചേർത്തുനിർത്തുക- ഇങ്ങനെ എല്ലാത്തരം പ്രവർത്തനങ്ങളിലും ഇടപെടണം.
തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടു കൂടിയാകും പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ പ്രവർത്തിക്കുക. പ്രൈമറി, ലോവർ പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രമോഷൻ തസ്തികയായിരിക്കും ഇത്. സർക്കാർ നിയോഗിക്കുന്ന ഏജൻസി വഴിയോ പിഎസ്‌സി വഴിയോ ഡിപ്പാർട്ട്മെന്റൽ എലിജിബിലിറ്റി ടെസ്റ്റിലൂടെ വേണം നിയമനം നടത്താൻ.