![ലോക്‌സഭയിൽ മോദിക്കും ബി.ജെ.പിക്കും എതിരെ രാഹുൽഗാന്ധി നടത്തിയ തീപ്പൊരി പ്രസംഗം കാണാതെ ദേശാഭിമാനി ലോക്‌സഭയിൽ മോദിക്കും ബി.ജെ.പിക്കും എതിരെ രാഹുൽഗാന്ധി നടത്തിയ തീപ്പൊരി പ്രസംഗം കാണാതെ ദേശാഭിമാനി](https://www.mediaoneonline.com/h-upload/2024/07/02/1431870-for-image-editing-recovered-recovered-copy-recovered-recovered.webp)
ലോക്‌സഭയിൽ മോദിക്കും ബി.ജെ.പിക്കും എതിരെ രാഹുൽഗാന്ധി നടത്തിയ തീപ്പൊരി പ്രസംഗം കാണാതെ ദേശാഭിമാനി
![](/images/authorplaceholder.jpg?type=1&v=2)
രാഹുൽ ഗാന്ധിയുടെ പ്രസംഗം നൽകിയില്ലെങ്കിലും രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പ്രത്യേക വാർത്തയായി ദേശാഭിമാനി നൽകിയിട്ടുണ്ട്
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽഗാന്ധി നടത്തിയ കന്നിപ്രസംവും പ്രകടനവും കാണാതെയും തൊടാതെയും സി.പി.എം മുഖപത്രം ദേശാഭിമാനി. സി.പി.ഐ പത്രമായ ജനയുഗമടക്കം മലയാളത്തിലെ മുഴുവൻ പത്രങ്ങളും ലോക്‌സഭയിലെ രാഹുലിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രകടനം ഒന്നാം പേജിൽ കൊടുത്തപ്പോൾ. ദേശാഭിമാനി കൊടുത്തത് രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല.
ലോക്‌സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം മികച്ച രീതിയിലാണ് അവതരിപ്പിച്ചിരികുകന്നത്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്യ എന്ന് മാധ്യമം. കത്തിക്കയറി രാഹുൽ എന്ന് ദീപിക. രാഹുൽ പ്രഹരം എന്ന് കേരളകൗമുദി. രൗദ്രം രാഹുൽ എന്ന് സുപ്രഭാതം. സജ്ജം പ്രതിപക്ഷം- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്. വിറപ്പിച്ച് രാഹുൽ എന്ന് ചന്ദ്രിക. ആരെയും ഭയമില്ല,ആളിക്കത്തി രാഹുൽ എന്ന് വീക്ഷണം, ഇരുസഭകളിലും കേന്ദ്രസർക്കാരിനെ പൊളിച്ചടുക്കി പ്രതിപക്ഷം എന്ന് ജനയുഗം. ‘ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കുന്നു: രാഹുൽ’ എന്ന വാർത്തയും ജനയുഗം ഒന്നാം പേജിൽ നൽകി. ഹിന്ദുക്കളെ രാഹുൽ ആക്രമികളെന്ന് വിളിച്ചെന്ന തരത്തിൽ ജന്മഭൂമി രാഹുൽ ഗാന്ധിയുടെ പ്രസംഗം ലീഡാക്കി നൽകി.
പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ദേശാഭിമാനി ലീഡാക്കിയത്. പാർലമെന്റ് വാർത്തകളിൽ പ്രധാനവാർത്തയാക്കിയത് ബ്രിട്ടാസിന്റെ പ്രസംഗമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു വരി പോലും നൽകിയില്ലെങ്കിലും രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചെന്ന് ബി.ജെ.പി യുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുണ്ട് ദേശാഭിമാനി. ഇൻഡ്യാ മുന്നണി എം.പിമാർ പാർലമെന്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പടത്തിൽ നിന്നും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയില്ലാത്ത ചിത്രമാണ് ദേശാഭിമാനി നൽകിയത്. എന്നാൽ ജനയുഗം ഒന്നാം പേജിൽ രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്ന ചിത്രമടക്കം നൽകിയാണ് ലീഡ് വാർത്തനൽകിയിരിക്കുന്നത്.
ദേശാഭിമാനിയുടെ വാർത്തയുടെ അവസാന പാരഗ്രാഫിൽ ലോക്സഭയിൽ രാഹുൽ ഗാന്ധി,മഹുവാ മൊയ്ത്ര, എ രാജ തുടങ്ങിയവർ സംസാരിച്ചു എന്ന ഭാഗത്ത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചിരിക്കുന്നത്.