മാസപ്പടി വിവാദം; വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി
|സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായിട്ടാണ്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർഥ്യ ബോധത്തിന് നിരക്കാത്തതാണെന്നും എഡിറ്റോറിയലിൽ പറയുന്നു.
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായിട്ടാണ്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർഥ്യ ബോധത്തിന് നിരക്കാത്തതാണെന്നും എഡിറ്റോറിയലിൽ പറയുന്നു.
'സിഎംആർഎല്ലും എക്സാ ലോജിക് കമ്പനിയും തമ്മിലുള്ള കരാറിൽ പൊതുസേവകർ കക്ഷിയല്ല. മാത്രമല്ല, ഏതെങ്കിലും പൊതുസേവകൻ സിഎംആർഎൽ കമ്പനിക്ക് ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ്ഥിരീകരിക്കുന്ന തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ ആദ്യം പ്രഥമദൃഷ്‌ട്യാ അടിസ്ഥാനമുള്ള ഒരു വസ്തുത വേണം. മാത്രമല്ല, അതിലുൾപ്പെട്ടവർ പൊതുസേവകനായിരിക്കുകയും വേണം. ഇവിടെ ഒരു നിയമമോ ചട്ടമോ ലംഘിക്കപ്പെട്ടുവെന്ന് ആർക്കും പറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാർഥ്യബോധത്തിന് നിരക്കുന്നതല്ല'- എഡിറ്റോറിയലിൽ പറയുന്നു.