Kerala
ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റടക്കം 50തോളം പേർക്കെതിരെ കേസ്
Kerala

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റടക്കം 50തോളം പേർക്കെതിരെ കേസ്

Web Desk
|
26 Jun 2022 10:54 AM GMT

പ്രവർത്തകരെ ശാന്തരാക്കി തിരിച്ച് കൊണ്ട് വരികയാണ് താൻ ചെയ്തതെന്നും കേസെടുത്ത് പേടിപ്പിക്കാമെന്ന് കരുതണ്ടെന്നും വഴങ്ങില്ലെന്നും കെ.എം അഭിജിത്ത്

കൽപ്പറ്റ: ദേശാഭിമാനി ഓഫീസ് ആക്രമണത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് കൽപ്പറ്റയിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നത്.

എന്നാൽ കൽപറ്റ ദേശാഭിമാനിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കി. പ്രവർത്തകരെ ശാന്തരാക്കി തിരിച്ച് കൊണ്ട് വരികയാണ് താൻ ചെയ്തതെന്നും കേസെടുത്ത് പേടിപ്പിക്കാമെന്ന് കരുതണ്ട അതിനൊന്നും വഴങ്ങില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്ടിൽ ദേശാഭിമാനിക്ക് നേരെ താൻ ആക്രമണം നടത്തിയതായി തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

എം.പി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ കൂടി ഇന്നലെ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 30 എസ്എഫ്‌ഐ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ 19 പേരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സെക്രട്ടറി അവിഷിത്തിന്റെ പേര് പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. വയനാട് ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിയായ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിത്തിനെ പുറത്താക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ മാസം 15 മുതൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടൻ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്.

നേരത്തെ അവിഷത്ത് തന്റെ സ്റ്റാഫംഗമല്ലെന്ന വിശദീകരണമാണ് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് അവിഷിത്ത് ഒഴിവായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. എസ്.എഫ്.ഐ വയനാട് ജില്ല മുന്‍ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Deshabhimani office attack; Case against about 50 people including KSU state president

Similar Posts