സമസ്ത സമ്മേളനത്തെ കുറിച്ച് ദേശാഭിമാനി നുണ പ്രചരിപ്പിക്കുന്നു: മായിന്‍ ഹാജി
|വൈകിട്ട് നാലിന് വരക്കല്‍ മഖാം സിയാറത്തു മുതല്‍ സമ്മേളനം തീരുന്നതുവരെ മുഴുസമയവും നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് സി.പി.എം മുഖപത്രമെന്ന് മായിന്‍ഹാജി
കോഴിക്കോട്: സമസ്ത ആദര്‍ശ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്ക്കാന് മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയെന്ന ദേശാഭിമാനി വാര്‍ത്ത കല്ലുവെച്ച നുണയാണെന്ന് സംഘാടക സമിതി ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിന്‍ഹാജി. താനും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവരെ വിലക്കിയെന്നാണ് ദേശാഭിമാനിക്കാരന്റെ കണ്ടെത്തല്‍. സംഘടനയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന അവസാന വാക്കായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ സമസ്ത നേതൃനിരയിലുള്ളവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തതും മറ്റുള്ളവര്‍ സംസാരിക്കാതിരുന്നതും സംഘാടക സമിതി തീരുമാന പ്രകാരമാണ്. വൈകിട്ട് നാലിന് വരക്കല്‍ മഖാം സിയാറത്തു മുതല്‍ സമ്മേളനം തീരുന്നതുവരെ മുഴുസമയവും നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് സി.പി.എം മുഖപത്രമെന്നും മായിന്‍ഹാജി വിശദീകരിച്ചു.
കമ്മ്യൂണിസത്തിന്റെ മതനിരാസത്തെയും കലോത്സവത്തിലെ ഇസ്ലാമോഫോബിയയെയും എതിര്‍ത്ത സമ്മേളനത്തിന്റെ വന്‍ വിജയത്തില്‍ വിറളി പൂണ്ടാണ് തമ്മില്‍ തല്ലിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയത്. ഈ കുതന്ത്രം വിലപ്പോവില്ലെന്നും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും മുന്നണി പോരാളിയായി നേതാക്കള്‍ക്കൊപ്പം സജീവമായി തുടര്‍ന്നും നിലകൊള്ളുമെന്നും മായിന്‍ ഹാജി പറഞ്ഞു.