സ്വർണ കവർച്ചാ ആസൂത്രണം: അന്വേഷണം കൂടുതല്‍ പേരിലേക്ക്, അർജുന് ആയങ്കിയുടെ മൊഴി നാളെ രേഖപ്പെടുത്തും
|കേസിൽ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കേസിൽ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചെർപ്പുളശ്ശേരി സംഘവുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. സ്വർണക്കടത്ത് ആസൂത്രകനെന്ന് കസ്റ്റംസ് സംശയിക്കുന്ന അർജുന് ആയങ്കിയുടെ മൊഴി നാളെ കസ്റ്റംസ് രേഖപ്പെടുത്തും.
സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പൊലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം. സ്വർണം കവർച്ച ചെയ്യാനെത്തിയ ചെറുപ്പുളശ്ശേരി സംഘവും കൊടുവള്ളി സംഘവുമായുള്ള ബന്ധവും പൊലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ള ചെറുപ്പുളശേരി സംഘവുമായി ഇന്നും പൊലീസ് തെളിവെടുപ്പ് നടത്തും. ചെറുപ്പുളശേരിയിലും ആയുധം ഒളിപ്പിച്ചുവെന്ന് പൊലീസ് കരുതുന്ന സ്ഥലത്തുമാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഈ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും സ്വർണ കവർച്ച സംബന്ധിച്ച ചിത്രം വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനിടെ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് നാളെ അർജുന് ആയങ്കിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. അർജുന്റെ മൊഴിയില്‍ നിന്ന് ലഭിക്കുന്ന വിവരത്തില്‍ കണ്ണൂർ സംഘത്തിലെ കൂടുതല്‍ പേരിലേക്ക് എത്താന്‍ കഴിയുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുന്റെ വാഹനവും കണ്ടെത്തേണ്ടതുണ്ട്.
സിപിഎം പ്രതിരോധത്തില്‍
രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രക്കേസില് സിപിഎം പ്രതിരോധത്തില്‍. കേസിലെ പ്രധാന ആസൂത്രകനെന്ന് കസ്റ്റംസ് കരുതുന്ന അർജുന് ആയങ്കിയുടെ സംഘവുമായി പാർട്ടി അംഗങ്ങളുടെ ബന്ധമാണ് പാർട്ടിക്ക് തലവേദനയാകുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരായ പോർമുഖം തുറന്നിരിക്കെ വന്ന കേസ് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുണ്ട്.
അർജുന് ആയങ്കി സ്വർണം കടത്താന്‍ ലക്ഷ്യമിട്ട് കരിപ്പൂരിലേക്ക് പോയത് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്റെ വാഹനത്തിലായിരുന്നു. സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കിയെങ്കിലും സിപിഎം അംഗമായി തുടരുകയാണ്. പാർട്ടി നേരത്തെ തന്നെ തള്ളിപ്പറഞ്ഞ ക്വട്ടേഷന്‍ സംഘവുമായി ഇത്രയും അടുത്ത ബന്ധം മേഖലാ സെക്രട്ടറിയും പാർട്ടി അംഗവുമായ ഒരാള്‍ തുടർന്നത് സിപിഎമ്മിന് വിശദീകരിക്കുക ശ്രമകരമാണ്. മൊയ്യാരം ബ്രാഞ്ചംഗവും കൊയ്യോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ സജേഷിനെതിരെ പാർട്ടി നടപടി വൈകാതെ ഉണ്ടായേക്കും.
അർജുന് ആയങ്കിക്ക് കേസില്‍ പങ്കാളത്തിമുണ്ടെന്ന വിവരം ലഭിച്ചയുടന്‍ തന്നെ സംഘത്തെ തള്ളിപ്പറയാനും നടപടിയെടുക്കാനും സംസ്ഥാന നേതൃത്വം നിർദേശം നല്‍കിയിരുന്നു. ഒരു സജേഷില്‍ ഒതുങ്ങി നില്ക്കുന്നതല്ല അർജുന് ആയങ്കി - ആകാശ് തില്ലങ്കേരി സംഘവുമായി പ്രവർത്തകർക്കുള്ള ബന്ധമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. പല രാഷ്ട്രീയ സംഘർഷങ്ങളിലെയും ഈ സംഘങ്ങളുടെ പങ്കാളിത്തവും പാർട്ടിക്ക് തലവേദനയായി വരും. അതിനാല്‍ സംഘവുമായി ബന്ധമില്ലെന്ന വാദം കൊണ്ടുമാത്രം സിപിഎമ്മിനും ഡിവൈഎഫ്ഐക്കും തലവേദനയൊഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കൊടകര കുഴല്‍പ്പണ കേസ് മുന്‍നിർത്തി ബിജെപിക്കെതിരെ ശക്തമായ പ്രചാരണം സിപിഎം നടത്തുന്നതിനിടെയാണ് സ്വർണ കവർച്ചാ ആസൂത്രണക്കേസ് വരുന്നത്. ഇതോടെ കോണ്‍ഗ്രസും ബിജെപിയും ആക്രമണമുന സിപിഎമ്മിലേക്ക് തിരിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവർക്കെതിരെ നടപടിയെടുത്തും രാഷ്ട്രീയ പ്രചാരണം നടത്തിയും ഈ സാഹചര്യത്തെ മറികടക്കാനാണ് സിപിഎം തീരുമാനം.