Kerala
details of pm modi discussions with christian religious leaders

നരേന്ദ്ര മോദി കേരളത്തില്‍

Kerala

പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് എട്ട് ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി; 20 മിനിട്ട് ചര്‍ച്ച നടത്തി

Web Desk
|
24 April 2023 4:25 PM GMT

കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനമാണ് ചർച്ചയായതെന്ന് കെ സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ എട്ട് ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വെല്ലിങ്ടണിലെ താജ് വിവാന്താ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 20 മിനുട്ടോളം പ്രധാനമന്ത്രി ചർച്ച നടത്തി.

യുവം യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത ശേഷം 7.40നാണ് വെല്ലിങ്ടൺ ഐലന്‍റിലെ താജ് വിവാന്ത ഹോട്ടലിലേക്ക് പ്രധാനമന്ത്രി എത്തിയത്. അൽപസമയം വിശ്രമിച്ച ശേഷം മതമേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർതോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, യാക്കോബായ സഭ മെത്രാപൊലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ്, ക്നാനായ സഭാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, കൽദായ സുറിയാനി സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ്, സിറോ മലങ്കര സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്, വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, ക്നാനായ സിറിയൻ സഭ അധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടുനിന്നു.

കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനമാണ് ചർച്ചയായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ വികസനം മുന്നോട്ടുപോകുന്നതിൽ പ്രധാനമന്ത്രിയുടെ ലീഡർഷിപ്പിൽ എല്ലാവരും മതിപ്പ് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഇനിയും ആശയവിനിമയം നടത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ നീക്കത്തിന്‍റെ ഭാഗമാണ് കൂടിക്കാഴ്ച. ഇതാദ്യമായല്ല പ്രധാനമന്ത്രി മതമേലധ്യക്ഷൻമാരെ കാണുന്നതെന്ന് ബി.ജെ.പി പറയുമ്പോഴും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്ന കാലത്ത് എല്ലാവരുമായും നല്ല ബന്ധത്തിലാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.



Related Tags :
Similar Posts