Kerala
K Sudhakaran, Congress, KPCC

K Sudhakaran

Kerala

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ കരുതൽ തടങ്കൽ; നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ

Web Desk
|
19 Feb 2023 11:08 AM GMT

കേരള സമൂഹത്തിന് മുഴുവൻ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും, പാലക്കാടും, കോഴിക്കോടും എറണാകുളത്തും ഉൾപ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസുകാർ കാട്ടിക്കൂട്ടുന്നത്. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്. സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരൻ പറഞ്ഞു.

കരുതൽ തടങ്കലിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാൻ ആരെയെങ്കിലും തുറുങ്കിലടയ്ക്കാൻ നിയമത്തിൽ പറയുന്നില്ല. 151 സി.ആർ.പി.സി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവൻ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തിൽ നിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

സമരങ്ങൾ നടത്തിയ പാരമ്പര്യത്തിന്റെ മേന്മ വിളമ്പുന്ന സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എന്നു മുതലാണ് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛം ഉണ്ടായതെന്ന് സുധാകരൻ ചോദിച്ചു. നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയ സി.പി.എമ്മിന്റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടിൽ മുസ്‌ലിം സ്ത്രീകൾക്ക് പർദയും തട്ടവും ധരിക്കാൻ കഴിയുന്നില്ല. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷൻമാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ സഞ്ചാരപഥത്തിന്റെ പേരിൽ പോലീസ് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ ജയിലിലടയ്ക്കാമെന്നാണ് കരുതുന്നതെങ്കിൽ അതിന് കേരളത്തിലെ ജയിലറകൾ പോരാതെ വരും. സമരമാർഗങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങളായി ചാപ്പകുത്തുന്ന ഭീരുവായ മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടികളെ കോൺഗ്രസ് നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

Similar Posts