Kerala
ദേവസഹായംപിള്ള വിശുദ്ധനല്ല, മോഷ്ടാവ്; ഗുരുതര ആരോപണങ്ങളുമായി ആർ.എസ്.എസ് പ്രസിദ്ധീകരണം കേസരി
Kerala

''ദേവസഹായംപിള്ള വിശുദ്ധനല്ല, മോഷ്ടാവ്''; ഗുരുതര ആരോപണങ്ങളുമായി ആർ.എസ്.എസ് പ്രസിദ്ധീകരണം 'കേസരി'

Web Desk
|
18 Jun 2022 4:11 PM GMT

മതപരമായ താൽപര്യം മുൻനിർത്തി വ്യാജചരിത്രം തീർക്കുന്നതിൽ ക്രൈസ്തവസഭകൾ പ്രകടിപ്പിച്ചിട്ടുള്ള താൽപര്യം കുപ്രസിദ്ധമാണെന്നും വസ്തുതകൾ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകൾ ചമച്ചുമുള്ള ഇത്തരം ചരിത്രനിർമാണങ്ങൾ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്

കോഴിക്കോട്: അടുത്തിടെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആർ.എസ്.എസ് പ്രസിദ്ധീകരണമായ 'കേസരി'. മതംമാറിയതിന്റെ പേരിൽ കൊല്ലപ്പെട്ടയാളല്ല ദേവസഹായംപിള്ളയെന്നും മോഷണത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ശിക്ഷയായി വധശിക്ഷയ്ക്കിരയാകുകയായിരുന്നുവെന്നും 'കേസരി'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിക്കുന്നു.

'ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും' എന്ന തലക്കെട്ടിലാണ് മുരളി പാറപ്പുറം എന്ന ലേഖകൻ ദേവസഹായംപിള്ളയ്‌ക്കെതിരെ മോഷണം അടക്കമുള്ള കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മതംമാറിയതിനുള്ള ആത്മബലിയൊന്നുമായിരുന്നില്ല, അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായംപിള്ളയുടെ വധശിക്ഷയെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സൽപ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താൽ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടിയെന്നും ലേഖകൻ ആരോപിക്കുന്നു.

ഹിന്ദുവായിരുന്ന ദേവസഹായംപിള്ള ക്രിസ്തുമതം സ്വീകരിച്ചിരുന്നതിനു പറയപ്പെടുന്ന കാരണങ്ങളൊന്നും വസ്തുതാപരമല്ലെന്നും ലേഖനത്തിൽ പറയുന്നു. തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷനറിമാർ നടത്തിയ മതപരിവർത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായംപിള്ള. ദേവസഹായംപിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ലെന്നും ലേഖനത്തിൽ തുടരുന്നു.

'മോഷണക്കുറ്റത്തിന് ജയിലിലായി; മിഷനറിമാരുടെ പ്രലോഭനത്തിൽ മതംമാറി'

തിരുവിതാംകൂർ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്നു മുൻപ് നീലകണ്ഠപിള്ളയായിരുന്ന ദേവസഹായംപിള്ളയെന്ന് ലേഖനത്തിൽ പറയുന്നു. രാജാവിനോടോ നാടിനോടോ ഒരു കൂറുമില്ലാതിരുന്ന ഇദ്ദേഹം ഖജനാവിലെ പണം ധൂർത്തടിച്ച കുറ്റത്തിനു ജയിലിലായി. ഒടുവിൽ ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനത്തിൽ മതംമാറുകയും ജയിൽമോചിനാകുകയുമായിരുന്നുവെന്ന് ലേഖകൻ ആരോപിക്കുന്നു. ലേഖനത്തിലെ പ്രധാന ആരോപണങ്ങൾ ഇങ്ങനെയാണ്:

''നാട്ടാലം സ്വദേശിയായ നീലകണ്ഠപിള്ള ഏലങ്കം വീട് എന്ന നായർ കുടുംബത്തിലെ അംഗമായിരുന്നു. അനിഴം തിരുന്നാൾ മാത്താണ്ഡവർമ്മയുടെ കാലത്ത് ഈ കുടുംബാംഗങ്ങളെല്ലാവരും രാജസേവകരുമായിരുന്നു. തിരുവിതാംകൂർ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായി ചുമതലയേറ്റ നീലകണ്ഠപിള്ളയ്ക്ക് പക്ഷെ രാജാവിനോടോ നാടിനോടോ കൂറുണ്ടായില്ല. ഖജനാവിലെ പണം ധൂർത്തടിച്ച പിള്ള ജയിലിലായി.

രാജാവിനെ സ്വാധീനിച്ച് ക്രൈസ്തവ മിഷണറിമാർ ഒരു പ്രത്യേക സംവിധാനമുണ്ടാക്കി. ക്രിസ്ത്യാനിയാകുന്നവരെ ശിക്ഷിക്കാൻ പ്രത്യേക കോടതി രൂപീകരിച്ചു. ഇതിലെ ജഡ്ജി ഇംഗ്ലീഷുകാരനും അഭിഭാഷകർ മിഷനറിമാരും എന്നതായിരുന്നു വ്യവസ്ഥ. ഈ സൗകര്യം ഉപയോഗിച്ച് ജയിലുകൾ തോറും കയറിയിറങ്ങി കുറ്റവാളികളെ മതംമാറാൻ പ്രേരിപ്പിക്കുക ക്രൈസ്തവപാതിരിമാരുടെ പതിവ് പരിപാടിയായിരുന്നു. മതംമാറിയാൽ ജയിൽമോചിതരാക്കാമെന്ന് വാഗ്ദാനവും നൽകി.

ഈ പ്രലോഭനത്തിൽ വീണാണ് നീലകണ്ഠപിള്ള മതംമാറി ദേവസഹായംപിള്ളയായത്. ശിക്ഷ വകുപ്പുതല മാറ്റത്തിൽ ഒതുങ്ങുകയും പിള്ള ജയിൽമോചിതനാകുകയും ചെയ്തു. തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു ദേവസഹായംപിള്ളയുടെ വകുപ്പുമാറ്റം. ഈ അധികാരം ഉപയോഗിച്ച് വൻതോതിൽ തേക്കുകൾ മുറിച്ചുമാറ്റി. ഈ വകയിൽ പള്ളികൾക്കും നൽകി. സ്വാഭാവികമായും കേസായി. ജോലിയും പോയി.

ദേവസഹായംപിള്ള ക്രിസ്തുമത പ്രചാരകനായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൈബിളുമായി പിള്ള, ക്യാപ്റ്റൻ ഡിലനോയിയെയും കണ്ടു. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരുമായി ചേർന്ന് തിരുവിതാംകൂറിനെതിരെ പോരാടിയ ഡിലനോയി പിന്നീട് രാജാവിന് കീഴടങ്ങുകയും വിശ്വസ്തനായി മാറുകയും ചെയ്തയാളാണ്. തന്റെ കോട്ടയിലേക്കുള്ള വരവിൽ സംശയം തോന്നി ദേവസഹായംപിള്ളയെ തടവിലാക്കിയ ശേഷം ഡിലനോയി രാജാവിനെ വിവരമറിയിച്ചു. വിചാരണയ്ക്കുശേഷം വെടിവച്ചുകൊല്ലാൻ ശിക്ഷ വിധിച്ചു.''

മതപരമായ താൽപര്യം മുൻനിർത്തി വ്യാജചരിത്രം തീർക്കുന്നതിൽ ക്രൈസ്തവസഭകൾ പ്രകടിപ്പിച്ചിട്ടുള്ള താൽപര്യം കുപ്രസിദ്ധമാണെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്. വസ്തുതകൾ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകൾ ചമച്ചുമുള്ള ഇത്തരം ചരിത്രനിർമാണങ്ങൾ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് വ്യക്തികളെ വിശുദ്ധന്മാരാക്കൽ. വളരെക്കാലം എടുത്ത് വ്യവസ്ഥാപിതമായി പൂർത്തിയാക്കുന്ന ഒരു രീതി ഇതിനുണ്ട്. ഗൗരവമുള്ള കാര്യമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ കാലവിളംബമെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു.

വിശ്വാസതീക്ഷ്ണതയുടെ ഇരയായ ദേവസഹായംപിള്ള

കഴിഞ്ഞ മേയ് 15നാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയിൽനിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന പ്രഥമ അൽമായ രക്തസാക്ഷിയാണ് ദേവസഹായംപിള്ള. വിശ്വാസതീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടിമലയിൽ രക്തസാക്ഷിത്വം വരിച്ചയാളായാണ് ക്രൈസ്തവചരിത്രത്തിൽ ദേവസഹായംപിള്ളയെ വിവരിക്കുന്നത്.

രക്തസാക്ഷിത്വം വരിച്ച് 270 വർഷം പിന്നിടുമ്പോഴാണ് പിള്ള വിശുദ്ധഗണത്തിലേക്ക് ഉയർത്തപ്പെട്ടത്. 1712ൽ കന്യാകുമാരിക്കടുത്തായിരുന്നു ദേവസഹായംപിള്ളയുടെ ജനനം. തിരുവിതകൂർ സൈന്യത്തിലെ അംഗമായിരിക്കെ ക്രിസ്തുമത്തിൽ ആകൃഷ്ടനായി മതംമാറുകയായിരുന്നു. മതംമാറ്റത്തിൽ രോഷാകുലരായ തിരുവിതാംകൂർ രാജഭരണകൂടം, 1752ൽ നാഗർകോവിലിന് അടുത്തുള്ള കറ്റാടിമലയിൽ വച്ച് അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

Summary: ''Devasahayam Pillai is not a saint, he was a thief''; RSS publication 'Kesari' published an article with serious allegations

Similar Posts