വഴിപാടുപണത്തിന് സ്വന്തം ജിപേ നമ്പർ; ദേവസ്വംബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ
|കുളശ്ശേരി ക്ഷേത്രത്തിന്റെ ബോർഡിൽ സ്വന്തം ജിപേ നമ്പർ എഴുതി വച്ചാണ് സന്തോഷ് തട്ടിപ്പ് നടത്തിയത്
തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടി.
കുളശ്ശേരി ക്ഷേത്രത്തിന്റെ ബോർഡിൽ സ്വന്തം ജി പേ നമ്പർ എഴുതി വച്ചാണ് സന്തോഷ് തട്ടിപ്പ് നടത്തിയത്. ഈ നമ്പർ വഴി ഇയാൾ പണം സ്വീകരിച്ചതായും ദേവസ്വം ബോർഡ് കണ്ടെത്തി. സന്തോഷ് ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റും ജിപേ ഡയറിയും ക്യാഷ് ബുക്കും ഒത്തുനോക്കിയാണ് ദേവസ്വം ബോർഡ് അധികൃതർ തട്ടിപ്പ് കണ്ടെത്തിയത്. നിലവിൽ ഗൂഗിൾ പേ അക്കൗണ്ടിൽ കൂടുതൽ ആഴത്തിൽ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് വിജിലൻസിന് പരിമിതിയുണ്ട്. ഇതിനാൽ കൂടുതൽ അന്വേഷണത്തിന് ലോക്കൽ പൊലീസിനെ സമീപിക്കണമെന്ന് ദേവസ്വം വിജിലൻസ് ശിപാർശ ചെയ്യുന്നു.
2023 ഒക്ടോബർ 10നാണ് സന്തോഷിനെതിരെ ആദ്യമായി പരാതി ലഭിക്കുന്നത്. പരാതിയിൽ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഈ വർഷം ഫെബ്രുവരിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.