പൊതുജനത്തെ ദീർഘനേരം വഴിയിൽ തടയുന്നില്ല; കറുപ്പ് വിലക്കരുതെന്ന് നിർദേശിച്ചിരുന്നു: ഡിജിപി
|മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്ക് അഴിപ്പിച്ചത് വിവാദമായിരുന്നു. എന്തിനാണ് കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് വാശിപിടിക്കുന്നത് എന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ചോദിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഡിജിപി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി.
കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നുവെന്നും ഡിജിപി പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്ക് അഴിപ്പിച്ചത് വിവാദമായിരുന്നു. എന്തിനാണ് കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് വാശിപിടിക്കുന്നത് എന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ചോദിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിക്കാൻ സാധ്യതയുള്ളതിനാലാണ് മാസ്ക് അഴിപ്പിച്ചതെന്ന് മന്ത്രി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.
എന്നാൽ കറുപ്പിന് വിലക്കുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമുള്ള വേഷവും ഇഷ്ടമുള്ള നിറവും ആർക്കും ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇക്കാര്യത്തിൽ അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.