ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക് ചെയ്‌തിട്ടില്ലെന്ന് ഡിജിപിയും; ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
|കെ. ഗോപാലകൃഷ്‌ണൻ ഐഎഎസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ് വാട്‍സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി. ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക് ചെയ്‌തില്ലെന്ന് റിപ്പോർട്ടിൽ. കെ. ഗോപാലകൃഷ്‌ണൻ ഐഎഎസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും.
നേരത്തെ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഗോപാലകൃഷ്‌ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്‌തു. കെ. ഗോപാലകൃഷ്‌ണന്റെ പ്രവർത്തികൾ സംശയാസ്‌പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്‌താണ് ഗോപാലകൃഷ്‌ണൻ നൽകിയത്. ഇതിൽ പൊലീസിന് ശക്തമായ സംശയമുണ്ട്. നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്‌തതായും സ്വകാര്യവിവരങ്ങൾ നീക്കം ചെയ്‌തതായും പൊലീസ് കണ്ടെത്തിയിരുന്നു.
ഫോൺ ഹാക്ക് ചെയ്‌തിട്ടില്ല എന്ന് വ്യക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തു. തുടർന്ന് തന്റെ വിലയിരുത്തലുകൾ കൂട്ടിച്ചേർത്താണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.