എം.ആർ അജിത് കുമാറിനെ തള്ളി ഡിജിപി; അന്വേഷണ സംഘം എഡിജിപിക്ക് തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം
|പി.വി അൻവറിന്റെ ആരോപണങ്ങളിലെ അന്വേഷണസംഘം തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നായിരുന്നു എഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ തള്ളി ഡിജിപി. അജിത് കുമാറിന്റെ കത്തിലെ ഉള്ളടക്കം ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. അന്വേഷണം കഴിയുന്നത് വരെ ഐജിയും ഡിഐജിയും ഡിജിപിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് കത്തിലെ നിർദേശം. എന്നാൽ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. നിലവിലുള്ള പ്രോട്ടോകോൾ പ്രകാരം എഡിജിപിക്ക് തന്നെ റിപ്പോർട്ട് ചെയ്യട്ടെയെന്നാണ് ഡിജിപിയുടെ നിർദേശം.
അജിത് കുമാറിന്റെ കത്തിൽ തൽക്കാലം തുടർനടപടി വേണ്ടെന്നാണ് തീരുമാനം. അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും എഡിജിപിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വിമർശനം ഉയർന്നിരുന്നു. പി.വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന സംഘം തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നായിരുന്നു എഡിജിപിയുടെ നിർദേശം. ഇതാവശ്യപ്പെട്ടാണ് ഡിജിപിക്ക് എഡിജിപി എം.ആർ അജിത് കുമാർ കത്ത് നൽകിയത്. അന്വേഷണം കഴിയുംവരെ ഇവർ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു അജിത് കുമാർ കത്തിൽ പറഞ്ഞിരുന്നത്.
ഐജിയും ഡിഐജിയും ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്നവരാണ്. ഇവർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. ദൈനന്തിന കാര്യങ്ങള്‍ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതേ രീതി തുടർന്നാൽ മതിയെന്നും അന്വേഷണത്തിന്റെ ഭാഗമായുള്ള മറ്റു കാര്യങ്ങള്‍ക്ക് താന്‍ മേൽനോട്ടം വഹിക്കാമെന്നാണ് ഡിജിപിയുടെ നിർദേശം. അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് നേരിട്ട് അന്വേഷിക്കുന്നത്.