സർക്കാറുമായി ചർച്ച ചെയ്യാമെന്ന് ഡി.ജി.പിയുടെ ഉറപ്പ്; ഇന്നത്തെ സമരം അവസാനിപ്പിച്ച് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്
|അറസ്റ്റിലായ നാല് ഉദ്യോഗാർഥികളെയും വിട്ടയച്ചു
തിരുവനന്തപുരം: തിരുവന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുമായി സംസ്ഥാന പൊലീസ് മേധാവി ചർച്ച നടത്തി. സർക്കാരുമായി ചർച്ച ചെയ്യാമെന്ന് ഡിജിപിയുടെ ഉറപ്പ് നല്കി. ചര്‍ച്ചക്ക് ശേഷം ഉദ്യോഗാർഥികൾ ഇന്നത്തെ സമരം അവസാനിപ്പിച്ചു.അറസ്റ്റിലായ നാല് ഉദ്യോഗാർഥികളെയും വിട്ടയച്ചു.
2019 ലെ ലിസ്റ്റിൽ നിന്ന് പരമാവധി ഉദ്യോഗാർത്ഥികളെ നിയമിച്ചിട്ടില്ല എന്നാണ് സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ പരാതി. മൂവായിരത്തോളം വരുന്ന ഉദ്യോഗാർഥികളും, മാതാപിതാക്കളും ചേർന്നാണ് മണിക്കൂറുകളോളം സമരം ചെയ്തത്. 2019ലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 41 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗാർഥികളുടെ സമരം.
അനിശ്ചിതകാല സമരം 20 ദിവസം പിന്നിട്ടിട്ടും ഒരു തീരുമാനവും സർക്കാർ അറിയിക്കാതെ വന്നതോടെയാണ് പ്രായമായ മാതാപിതാക്കളെ അടക്കം ഉൾപ്പെടുത്തി പൊരിവെയിലത്ത് ഭരണസിരാ കേന്ദ്രത്തിനു മുന്നിലെ റോഡുകൾ മണിക്കൂറുകളോളം സ്തംഭിപ്പിച്ചത്. സമരത്തിന് പിന്തുണയുമായി സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും പിന്തുണയുമായെത്തിയിരുന്നു.