'ധർമജനെ നേരിട്ട് വിളിച്ചു, കാര്യങ്ങൾ മനസിലാക്കി, ഉചിതമായ നടപടിയെടുക്കും': കെ. സുധാകരൻ
|ധര്മജന് പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്
കോൺഗ്രസ് സ്ഥാനാർഥിയെന്നനിലയിൽ കെപിസിസിക്ക് നൽകിയ പരാതിയിൽ ഒരു മറുപടി പറയാൻ പോലുമുള്ള മര്യാദ മുൻ കെപിസിസി പ്രസിഡന്റ് കാട്ടിയില്ലെന്ന ധര്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താവനയില്‍ ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ധർമജനെ നേരിട്ടു വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്ന് സുധാകരന് പറഞ്ഞു.
ധര്മജന് പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൽനിന്ന് നീതികിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഇടതുപക്ഷമായിരുന്നെങ്കിൽ പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമായിരുന്നുവെന്നും ധർമജൻ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് വിവാദമാണ് ധര്മജന് പ്രധാനമായും ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസമാണ് ശ്രീ ധർമജൻ ബോൾഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധയിൽ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തിൽ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാൻ ധർമജനെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ധര്മജന് ബോള്‍ഗാട്ടി ഉൾപ്പടെയുള്ള കോൺഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവർത്തകർ സൂചിപ്പിക്കുകയുണ്ടായി.കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. നാഷണൽ അവാർഡ് ജേതാവായ സലീംകുമാര്‍, ഐ.എഫ്.എഫ്.കെ യോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകൾക്ക് മുൻപ് നടനും സംവിധായകനുമായ രമേശ് പിഷാരടി കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിൻ്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടതും സിപിഎം എത്തി നിൽക്കുന്ന സാംസ്കാരിക ജീർണത വിളിച്ചോതുന്ന സംഭവങ്ങളാണ് .
രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങൾ മലയാളികൾ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണിൽ വിളിച്ചിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ ഇരുവർക്കുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്.
ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളിൽ പേറുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ശബ്ദമാകാൻ കലാകാരൻമാരും സാംസ്ക്കാരിക പ്രവർത്തകരും കടന്നു വരുമ്പോൾ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓർമപ്പെടുത്തുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തിൽ ഉറപ്പു നൽകുന്നു.