ധീരജ് വധക്കേസ്; ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്.എഫ്.ഐ
|ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെടുക്കാനായിരുന്നില്ല
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്.എഫ്.ഐ നേതൃത്വം. എസ് പി യുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായി എസ്.എഫ്.ഐ ആരോപിച്ചു. കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, ഇതിൽ ആശങ്കയുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ശരത് എം.എസ് ആണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തു വന്നത്.
ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെടുക്കാനായിരുന്നില്ല. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് കവാടത്തിലും കത്തിക്കുത്ത് നടന്നയിടത്തുമായിരുന്നു പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഒന്നാം പ്രതി നിഖിൽ പൈലി ,നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയി മോൻ സണ്ണി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ. എന്നാൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കിയതാണ്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.