ധോണി ആനയെ ഉടന്‍ ചട്ടം പഠിപ്പിക്കില്ല; പാപ്പാന് എത്തിയ ശേഷം പരിശീലനം
|മറ്റ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ ആര്.ആര്.ടി സംഘം വനാതിർത്തികളിൽ നിരീക്ഷണം നടത്തുന്നുണ്ട്
പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ നിന്നും പിടികൂടിയ ആനയ്ക്ക് ഉടനെ പരിശീലനം ആരംഭിക്കില്ല. ആന പാപ്പാനെ എത്തിച്ച ശേഷമേ പരിശീലനം തുടങ്ങൂ. മറ്റ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ ആര്.ആര്.ടി സംഘം വനാതിർത്തികളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
ധോണിയെ വിറപ്പിച്ച പി.ടി സെവൻ കൂട്ടിലായതോടെ പേര് ധോണി എന്നായി. കുങ്കിയാനയാക്കാൻ ആനയെ ചട്ടം പഠിപ്പിക്കണം. ആന കൂടുമായി ഇണങ്ങാൻ തന്നെ ഒരാഴ്ചയിലധികം സമയം എടുക്കും. ധോണിയെ മെരുക്കാനുള്ള പാപ്പനെ എത്തിച്ച ശേഷം പടിപടിയായാണ് പരിശീലനം നൽകുക.ആനയെ തണുപ്പിക്കുന്നതിനായി ശരീരത്തിൽ വെള്ളം ഒഴിക്കുന്നത് തുടരും. പി.ടി സെവനെ കൂടാതെ മറ്റ് നിരവധി ആനകൾ ഈ മേഖലയിലുണ്ട്. സ്ഥിരമായി ഇറങ്ങുന്ന രണ്ട് ആനകൾ വീണ്ടും ജനവാസ മേഖലയിൽ എത്താനും സാധ്യതയുണ്ട്. ഈ ആനകളുടെ സഞ്ചാരം ആർ.ആർ.ടി. സംഘം നിരീക്ഷിക്കുമെന്ന് സി.സി.എഫ് പറഞ്ഞു. വന്യമൃഗങ്ങൾ സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ പാലക്കാട് ജില്ലയിൽ കൂടുതൽ ആര്.ആര്.ടി യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് വനംമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.