ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സോഷ്യല്‍മീഡിയ പോരാളി; ധ്രുവ് റാഠിക്ക് ആശംസകളുമായി ഫാന്‍സ് അസോസിയേഷന്‍
|മലപ്പൂര്‍ ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആരാധകരുടെ കൂട്ടായ്മ ഉയര്‍ന്നു വന്നിരിക്കുന്നത്
നിലമ്പൂര്‍: കേന്ദ്രസര്‍ക്കാരിനെ നിരന്തരം കടന്നാക്രമിച്ച് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊതുജനത്തിന്‍റെ ശബ്ദമായി മാറിയ യുട്യൂബര്‍ ധ്രുവ് റാഠിക്ക് കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍. മലപ്പൂര്‍ ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആരാധകരുടെ കൂട്ടായ്മ ഉയര്‍ന്നു വന്നിരിക്കുന്നത്.
ധ്രുവ് റാഠിക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് ഫ്ലക്സും ഫാന്‍സ് അസോസിയേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. 'ജനാധിത്യപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍' എന്നെഴുതിയ ഫ്ലക്സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി യുട്യൂബില്‍ ട്രെന്‍ഡിംഗാണ് ധ്രുവ് റാഠിയുടെ വീഡിയോകള്‍. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പിയുടെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ തന്‍റെ വീഡിയോകളിലൂടെ ധ്രുവ് ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. ധ്രുവ് റാഠിയുടെ 'Modi: The Real Story' എന്ന വീഡിയോ കണ്ടത് 2.70 കോടി ആളുകളാണ്. ഒരര്‍ത്ഥത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ മൂര്‍ച്ചയുള്ള സോഷ്യല്‍മീഡിയ നാവായി മാറുകയായിരുന്നു ധ്രുവ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനും ബി.ജെ.പിയുടെ കിതപ്പിനും ധ്രുവ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ലെന്ന് വേണം പറയാന്‍.
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാഠിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനാണ് താമസം. ധ്രുവ് റാഠി വ്‌ളോഗിന് രണ്ടുകോടിയിലേറെ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 2011ലെ അഴിമതി വിരുദ്ധ പോരാട്ടകാലം മുതല്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ധ്രുവ് റാഠിക്ക് നിലവില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നാണ് പറയുന്നത്.
ഹരിയാനക്കാരനായ ധ്രുവ് റാഠി ഗ്രാമീണ മേഖലയിലുള്ളവരിലേക്ക് കൂടുതലായെത്താന്‍ വാട്‌സാപ്പ് ചാനലിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുവരികയാണ്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്‌സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.