കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങി
|ഇന്നലെ രാവിലെ മുതല്‍ ഡയാലിസിസ് നിലച്ചതോടെ മലബാറിലെ നൂറുകണക്കിന് രോഗികളാണ് പ്രതിസന്ധിയിലായത്. വാട്ടര്‍ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം
കണ്ണൂര്‍ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കേളേജില്‍ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് നിലച്ചു. ഇന്നലെ രാവിലെ മുതല്‍ ഡയാലിസിസ് നിലച്ചതോടെ മലബാറിലെ നൂറുകണക്കിന് രോഗികളാണ് പ്രതിസന്ധിയിലായത്. വാട്ടര്‍ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറോളം രോഗികള്‍ ഡയാലിസിസിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് കണ്ണൂര്‍ ഗവര്‍മെന്‍റ് മെഡിക്കല്‍ കോളേജ്.
വാട്ടര്‍ട്രീറ്റ്‌മെന്‍റ് പ്ലാന്‍റില്‍ ചോര്‍ച്ചയുണ്ടായതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണം. കാലപ്പഴക്കത്തെ തുടര്‍ന്നാണ് പ്ലാന്‍റില്‍ ചോര്‍ച്ചയുണ്ടായത്. പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന് കുറേയേറെ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ സ്ഥിതിക്ക് മാറ്റമില്ല. പ്ലാന്‍റിന്‍റെ അറ്റകുറ്റ പണികള്‍ക്കായി കൊച്ചിയില്‍ നിന്നുവേണം ജീവനക്കാരെത്താന്‍.
ഇന്നലെ രാവിലെ മുതല്‍ നിരവധി രോഗികളാണ് ഇവിടെയെത്തി മടങ്ങിയത്. കോവിഡ് കാലമായതിനാല്‍ മറ്റെവിടെയും ഇപ്പോള്‍ ഡയാലിസിസ് സംവിധാനം നടക്കുന്നില്ല. അതുകൊണ്ട് തന്നെ പരിയാരത്തെ ഡയലിസിസ് മുടങ്ങിയാല്‍ രോഗികള്‍ക്ക് മറ്റ് ആശ്രയമില്ലാതാകും. ഇന്ന് വൈകിട്ടോടു കൂടി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.