പാലിന് വിലയില്ല, കാലിത്തീറ്റക്കാണെങ്കില്‍ തീവില; പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍
|വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കാലിത്തീറ്റകള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 38 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിച്ചത്
കോവിഡ് പ്രതിസന്ധികള്‍ക്ക് പിന്നാലെ കാലിത്തീറ്റക്കും വില വര്‍ധിച്ചതോടെ വലിയ ബുദ്ധിമുട്ടിലാണ് സംസ്ഥാന ക്ഷീരകര്‍ഷകര്‍. വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കാലിത്തീറ്റകള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 38 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിച്ചത്.
എന്നാല്‍ പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ഇതിന് ആനുപാതികമായി വില ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.ഉപജീവനത്തിനായി കന്നുകാലി വളര്‍ത്തലിനെ ആശ്രയിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ് കാലിത്തീറ്റ വിലവര്‍ധനവ്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കേരള ഫീഡ്സും കെ. എസും പുറത്തിറക്കുന്ന കാലിത്തീറ്റകളാണ്. സ്വകാര്യ കമ്പനി പുറത്തിറക്കുന്ന കെ.എസിനും സര്‍ക്കാര്‍ ഉത്പന്നമായ കേരള ഫീഡ്സിനുമടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ ചാക്കൊന്നിന് 38 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.
ഒരു പശുവിന് ശരാശരി 5 മുതല് ആറു ചാക്ക് കാലിത്തീറ്റ വരെയാണ് ഒരു മാസം വേണ്ടി വരിക. എന്നാല്‍ കാലി തീറ്റയുടെ വില ഉയരുമ്പോഴും പാലിനും പാല് ഉത്പന്നങ്ങള്‍ക്കും വിലയില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. 35 രൂപ മുതല്‍ 45 രൂപ വരെ വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും ഒരു ലിറ്റര്‍ പാല്‍ മില്‍മ സ്വീകരിക്കുന്നത് .എന്നാല്‍ 50 രൂപ മുതല്‍ 55 രൂപ വരെ വിലയീടാക്കി. ഇതേ പാല് വിറ്റഴിക്കുമ്പോഴും അതിന്‍റെ യാതൊരു പ്രയോജനവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.