'സർക്കാറിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ
|"ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്ന ആളല്ല ഞാൻ"
തിരുവനന്തപുരം: സർക്കാറിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്എഫ്‌ഐയേയോ സർക്കാറിനെയോ വിമർശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്ന ആളല്ല താൻ. എസ്എഫ്‌ഐ, സർക്കാർ വിരുദ്ധ കാമ്പയിൻ നടത്തിയാൽ കേസെടുക്കും എന്നായിരുന്നു പ്രസ്താവന എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഏഷ്യാനെറ്റിലെ റിപ്പോർട്ടിങ് ഗൂഢാലോചനയുടെ ഭാഗമാണെന്നും മാധ്യമപ്രവർത്തക ഗൂഢാലോചനയിൽ പങ്കാളിയായെന്നും അദ്ദേഹം പറഞ്ഞു. കേസെടുത്തതിൽ രാഷ്ട്രീയമില്ല, ആർഷോക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തെറ്റായ വാദങ്ങളാണ് പുറത്തുവന്നത് എന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയിലായിരുന്നു എം.വി ഗോവിന്ദന്‍റെ പരാമർശം. സർക്കാർ വിരുദ്ധ, എസ് എഫ് ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിനു മുൻപും അങ്ങനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.