എസ്.എഫ്.ഐ വനിതാ നേതാവിനെ മർദിച്ചതിലും ഭിന്നത; ആരോപണം വ്യാജമെന്ന് ഡി.വൈ.എഫ്.ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി
|ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു
ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ വനിതാ നേതാവിനെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി മർദിച്ചതിലും വിഭാഗീയത.യുവതി പരാതി പിൻവലിച്ചതിന് പിന്നാലെ ആരോപണം വ്യാജമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. വനിതാ നേതാവിനെ മർദിച്ചതിൽ പരാതി ഇല്ലാത്തത്തിനാൽ ഡി.വൈ.എഫ്.ഐ നേതാവ് അമ്പാടി ഉണ്ണിയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല.
കേരള സർവകലാശാല യൂണിയൻ ഭാരവാഹി കൂടിയായ യുവതി ആദ്യം ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയും ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി സമ്മർദത്തെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു.
പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചേർന്ന് ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പെൺകുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
ഔദ്യോഗിക പക്ഷത്തെ നേതാക്കളുമായി ചേർന്നു നിൽക്കുന്ന ആളാണ് നിലവിൽ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കപ്പെട്ട അമ്പാടി ഉണ്ണി. അമ്പാടി ഉണ്ണിയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാണ് മറുവിഭാഗം ആവശ്യം ഉന്നയിക്കുന്നത്. അതെസമയം പെൺകുട്ടിക്ക് പൂർണ്ണപിന്തുണ നൽകുകയാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം. ഹരിപ്പാട് ഉണ്ടായ യുവജന വിദ്യാർഥി സംഘടനകളിലെ നേതാക്കൾ തമ്മിലുണ്ടായ വിഷയത്തിലും സിപിഐഎം നേതൃത്വം പരിശോധന നടത്തുന്നുണ്ട്.