ഗവർണറുടെ നയപ്രഖ്യാപനം നീട്ടാന്‍ സര്‍ക്കാര്‍ നീക്കം: കോൺഗ്രസിൽ ആശയക്കുഴപ്പം
|സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷം ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് നിലപാട് സ്വീകരിച്ചപ്പോൾ, സർക്കാരിനെതിരെ കെ.പി.സി.സി അധ്യക്ഷൻ വിമർശനം ഉന്നയിച്ചു
ഗവർണറുടെ നയപ്രഖ്യാപനം നീട്ടാനുള്ള സർക്കാർ നീക്കത്തോടു നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷം ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിലപാട് സ്വീകരിച്ചപ്പോൾ, സർക്കാരിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍ വിമർശനം ഉയർത്തി. ഇതോടെ പാർട്ടി നിലപാട് എന്തെന്നറിയാതെ മറ്റ് നേതാക്കളും പ്രതിസന്ധിയിലായി
ഗവർണറുടെ രാഷ്ട്രീയ നീക്കങ്ങളെ അംഗീകരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് യു.ഡി.എഫിനുള്ളത്. അതിനാലാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർക്കാർ നീക്കത്തെ നിയമസഭയിൽ പിന്തുണയ്ക്കുകയും ബദൽ സംവിധാനത്തെ മാത്രം എതിർക്കുകയും ചെയ്തത്. അതിനിടെയാണ് ഗവർണറുടെ നയപ്രഖ്യാപനം നീട്ടുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നീക്കം നടത്തിയത്. ഇതിൽ സർക്കാരിനെ എതിർത്താൽ ഗവർണർക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ഇടപെടില്ലെന്ന നിലപാട് മാധ്യമ പ്രവർത്തകരോട് വി.ഡി സതീശൻ പങ്കുവെച്ചത്.
എന്നാൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ കെ.പി.സി.സി അധ്യക്ഷൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. ഭരണഘടന പ്രകാരമുള്ള അധികാരങ്ങൾ ഗവർണർക്ക് അംഗീകരിച്ചു കൊടുക്കണമെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇതോടെ ഏതാണ് കോൺഗ്രസ് നിലപാടെന്ന ചോദ്യം ഉയർന്നു. കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നടത്തുന്നത് യു.ഡി എഫിനെയും വെട്ടിലാക്കി.