'പൗര പ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്?, എവിടെ അപേക്ഷിക്കണം?'; വേറിട്ട വിവരാവകാശ അപേക്ഷയുമായി ഒരു പഞ്ചായത്ത് മെമ്പർ
|ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ അയച്ചത്.
കൊല്ലം: പല പരിപാടികളിലടക്കം നമ്മൾ കേൾക്കാറുള്ള വാക്കാണ് പൗര പ്രമുഖൻ. 'പൗര പ്രമുഖ'ന്മാർക്ക് വലിയ പരിഗണനകൾ ഓരോയിടങ്ങളിലും കിട്ടാറുമുണ്ട്. എന്നാൽ എന്താണ് പൗര പ്രമുഖൻ ആകാനുള്ള മാനദണ്ഡവും യോഗ്യതയും എന്നറിയാൻ വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.
കൊല്ലം ജില്ലയിലെ കുമ്മിൾ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പറായ ഷമീറാണ് വേറിട്ട വിവരാവകാശ അപേക്ഷയ്ക്ക് പിന്നിൽ. 'വോട്ടവകാശമുള്ള ഇന്ത്യയിലെ ഒരു പൗരൻ കേരളത്തിൽ ജീവിക്കുമ്പോൾ പൗര പ്രമുഖൻ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, പൗര പ്രമുഖൻ ആകുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക'- എന്നാണ് അപേക്ഷയിലെ ചോദ്യം.
ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ അയച്ചിരിക്കുന്നത്. ഈ മാസം 18നയച്ച കത്ത് ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായ കുമ്മിൾ ഷമീർ, പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നുള്ള കോൺഗ്രസ് മെമ്പറാണ്.
സർക്കാർ പരിപാടികൾക്കടക്കം പൗര പ്രമുഖർക്ക് പ്രത്യേക പരിഗണന നൽകുന്നത് കാണാറുണ്ടെന്നും അതിനുള്ള മാനദണ്ഡം എന്താണെന്ന് അറിയാനാണ് താൻ ഇത്തരമൊരു വിവരാവകാശ അപേക്ഷ അയച്ചതെന്നും കുമ്മിൾ ഷമീർ മീഡിയവണിനോട് പറഞ്ഞു.