സ്പെഷ്യൽ സ്കൂളുകൾ അടഞ്ഞുകിടക്കുന്നു, രണ്ട് വര്‍ഷമായി ഫിസിയോതെറാപ്പി മുടങ്ങി.. ഭിന്നശേഷിക്കാരായ കുട്ടികള്‍ ദുരിതത്തില്‍
|കുട്ടികളുടെ ശാരീരിക - മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു
കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായി ഭിന്നശേഷിക്കാരായ കുട്ടികള്‍. രണ്ട് വർഷത്തോളമായി സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിക്കാത്തതിനാൽ കുട്ടികളുടെ ഫിസിയോതെറാപ്പി മുടങ്ങി. ഇത് കുട്ടികളുടെ ശാരീരിക - മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ ഫിസിയോതെറാപ്പി സെന്‍റര്‍ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്താകെ ബഡ്സ് സ്പെഷ്യൽ സ്കൂളുകളിൽ സ്ഥിതി ഇത് തന്നെയാണ്. മലപ്പുറത്ത് മാത്രം ബഡ്സ് സ്കൂളുകളും ഭിന്നശേഷിക്കാർക്കായുള്ള റീഹാബിലിറ്റേഷൻ സെൻററുകളുമുൾപ്പെടെ 43 കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിലായി 1631 കുട്ടികളുണ്ട്. ഫിസിയോതെറാപ്പി മുടങ്ങിയതോടെ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.
ഭിന്നശേഷി കുട്ടികൾക്കായുള്ള കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നത് കുട്ടികളെ മാനസികമായും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ രീതിയിലെങ്കിലും ഭിന്നശേഷി കുട്ടികൾക്കായുള്ള കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം.