തോക്കും തിരകളും നഷ്ടപ്പെട്ടത് അന്വേഷിക്കാൻ ഡി.ഐ.ജി; മധ്യപ്രദേശിലുള്ള ഉദ്യോഗസ്ഥരോട് മടങ്ങിവരാനും നിർദേശം
|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ആംഡ് പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്
തിരുവനന്തപുരം: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കേരളാ പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി പൊലീസ്. സംഭവം ആംഡ് ബറ്റാലിയൻ ഡി.ഐ.ജി അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. മധ്യപ്രദേശിൽ തുടരുന്ന പൊലീസ് സംഘത്തോട് തിരിച്ചെത്താനും നിർദേശിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ആംഡ് പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ജബൽപുർ പരിസരത്ത് വെച്ച് നഷ്ടപ്പെട്ടെന്ന് പറയുന്ന തോക്കും തിരകളും ഇതുവരെ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് ഇവ നഷ്ടമായത്.
സ്പെഷ്യൽ ട്രെയിനിലെ ക്യാബിനിൽ പൊലീസുകാർ തമ്മിൽ മദ്യപിച്ച് ബഹളമുണ്ടായതും ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴി മാറിയതുമാണ് തോക്കും തിരകളും നഷ്ടപ്പെടുന്നതിലേക്ക് എത്തിയത്. കെ.എ.പി മൂന്നിലെ എസ്.ഐയും കെ.എ.പി നാലിലെ എസ്.ഐയും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ ഉൾപ്പെടാത്ത എസ്.ഐ വിശാഖിന്റെ ബാഗാണ് നഷ്ടമായത്.
സംഘത്തിൻ്റെ ചുമതലയുണ്ടായിരുന്ന കെ.എ.പി. ത്രീ കമാൻഡൻ്റിനോട് ബറ്റാലിയൻ ചുമതലയുള്ള എ.ഡി.ജി.പി, എം.ആർ. അജിത് കുമാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെയാണ് ഡി.ഐ.ജിയോട് കേസ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ബാഗ് തിരക്കി മധ്യപ്രദേശിൽ പത്ത് കേരളാ പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്. ഇവരോട് എത്രയും വേഗം തിരിച്ചെത്തി റിപ്പോർട്ട് ചെയ്യണമെന്നും എ.ഡി.ജി.പി ആവശ്യപ്പെട്ടു.