സാധനത്തിന്‍റെ വിലയേക്കാൾ കൂടുതൽ പണം അബദ്ധത്തിൽ അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; വ്യാപാരിക്ക് നഷ്ടമായത് 5000 രൂപ
|രാജസ്ഥാനിലെ വിലാസത്തിൽ 250 രൂപയുടെ സാധനം അയക്കാനാവശ്യപ്പെട്ടാണ് ഓർഡർ ലഭിച്ചത്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്‍റെ ചതിയിൽ പെട്ട് പണം നഷ്ടപ്പെട്ട അനുഭവമാണ് വേങ്ങരയിലെ യുവവ്യാപാരിക്കുള്ളത്. ഓർഡർ നൽകിയ സാധനത്തിന് കൂടുതൽ പണമയച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 5000 രൂപയാണ് യുവവ്യാപാരിക്ക് നഷ്ടപ്പെട്ടത്.
കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയാണ് മലപ്പുറം വേങ്ങര സ്വദേശി മുഖ്താറിന്‍റേത്. കടയിലുള്ള വിൽപന കൂടാതെ ഇൻസ്റ്റഗ്രാം പേജ് വഴി ഓൺലൈനായും ഓർഡറെടുത്ത് സാധനങ്ങൾ ആവശ്യക്കാർക്ക് അയച്ച് നൽകുന്നതാണ് രീതി. ഇതിനിടെയാണ് രാജസ്ഥാനിലെ വിലാസത്തിൽ 250 രൂപയുടെ സാധനം അയക്കാനാവശ്യപ്പെട്ട് ഓർഡർ ലഭിക്കുന്നത്.
ഓർഡർ നൽകിയ സാധനത്തിന്‍റെ വിലയേക്കാൾ കൂടുതൽ പണം അബദ്ധത്തിൽ അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിന് തെളിവായി പണമയച്ചതിന്‍റെ വ്യാജ രേഖയും കാണിച്ചു. ഇല്ലാത്ത അഡ്രസിലേക്ക് സാധനം അയച്ചതിന്‍റെ കൊറിയർ ചാർജുൾപ്പെടെ 5000 രൂപയാണ് മുഖ്താറിന് നഷ്ടമായത്.