Kerala
chelakkara road
Kerala

ചേലക്കരയിൽ ചൂടേറിയ പ്രചാരണ വിഷയമായി തകർന്ന റോഡുകൾ; വിശദീകരിച്ച് മുഖ്യമന്ത്രി

Web Desk
|
27 Oct 2024 12:57 AM GMT

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാരെ എല്ലാ പഞ്ചായത്തിലും കാണാം

തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചൂടേറിയ പ്രചാരണ വിഷയങ്ങളിലൊന്നാണ് മണ്ഡലത്തിലെ തകർന്ന റോഡുകൾ. തകർന്ന റോഡുകള്‍ക്കെതിരെ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിക്കാന്‍ മുഖ്യമന്ത്രിക്ക് പേലും കഴിയുന്നില്ല. എന്തുകൊണ്ട് റോഡുകള്‍ തകർന്നുവെന്ന് ചേലക്കരയിലെ എൽഡിഎഫ് കണ്‍വെന്‍ഷനില്‍ പിണറായി വിജയന് തന്നെ വിശദീകരിക്കേണ്ടി വന്നു.

ചേലക്കര മണ്ഡലത്തില്‍ നല്ല റോഡുകള്‍ ഉണ്ടെങ്കിലും തകർന്നു കിടക്കുന്ന റോഡുകളും നിരവധിയുണ്ട്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാരെ എല്ലാ പഞ്ചായത്തിലും കാണാം. യുഡിഎഫും പി.വി അന്‍വറിന്റെ ഡിഎംകെയും തുടക്കം മുതല്‍ റോഡ് പ്രശ്നം വിഷയമാക്കിയെടുത്തു.

ചെറുതിരുത്തി - പൊന്നാനി റോഡ്, തൊഴുപ്പാടം - ഒറ്റപ്പാലം റോഡ് തുടങ്ങി തകർന്നുകിടക്കുന്ന റോഡുകളുടെ പേരിലെല്ലാം ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലാണ്. എല്‍ഡിഎഫ് കണ്‍വെന്‍ഷനായി എത്തിയ മുഖ്യമന്ത്രി നടത്തിയ അവലോകന യോഗത്തില്‍ തകർന്ന റോഡുകളുടെ പ്രശ്നം പാർട്ടി നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തി.

പ്രധാന ജനകീയ പ്രശ്നമായി റോഡ് വിഷയം വികസിച്ചത് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി കണ്‍വെന്‍ഷനില്‍ വിശദീകരണത്തിന് തയാറായത്. ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് വെട്ടിപ്പൊളിച്ചത്. റോഡുകൾ വേഗത്തിൽ തന്നെ പൂർവസ്ഥിതിയിലേക്ക് മാറ്റുമെന്നും പിണറായി വിജയൻ കൺവെൻഷനിൽ ഉറപ്പുനൽകി.

Similar Posts