വിങ്ങിപ്പൊട്ടി ദിലീപും ജയറാമും; അവസാന നിമിഷം കൂടെയുണ്ടായിരുന്നത് സിനിമയിലെ ഉറ്റ സുഹൃത്തുക്കള്‍
|ഇന്നസെന്റിനെ ഓർത്തെടുക്കുമ്പോള്‍ ജയറാമിന് വാക്കുകൾ ഇടറി
ഉറ്റ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരായിരുന്നു അവസാന നിമിഷങ്ങളിൽ ഇന്നസെന്‍റിന്‍റെ കൂടെ ഉണ്ടായിരുന്നത്. മരണ വാർത്ത അവരിൽ പലർക്കും താങ്ങാനായില്ല. വിയോഗ വാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്നും പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാമായിരുന്നു. അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും ജേഷ്ഠ തുല്യനായ വ്യക്തിയെയാണ് നഷ്ടമാകുന്നതെന്ന് പറഞ്ഞ ജയറാമിന് വാക്കുകൾ ഇടറി. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ദിലീപ് വിങ്ങിപ്പൊട്ടിയാണ് മടങ്ങിയത്.
ഏത് പ്രതിസന്ധിയെയും മനോധൈര്യം കൊണ്ട് അതിജീവിക്കുന്ന, സിനിമയിലും ജീവിതത്തിലും ഹാസ്യം ഒരേ പോലെ കൈകാര്യം ചെയ്ത ഇന്നച്ഛനെ ഓർക്കുമ്പോള്‍ സഹപ്രവർത്തകർക്കെല്ലാം പറയാനുള്ളത് സിനിമാ മേഖലയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനാകെ തീരാ നഷ്ടം എന്നതുമാത്രമാണ്.
കേരളം നന്ദിയോടെ ഓർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച രീതിയിൽ ഇടതുപക്ഷത്തോടൊപ്പം നിലനിന്ന വ്യക്തിയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി പി.രാജീവും ഇന്നസെന്റിന്റെ വിയോഗം സിനിമാ മേഖലക്ക് നികത്താനാകാത്ത നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. ഇരിങ്ങാലക്കുടയുടെ അഭിമാന പുത്രനായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പ്രതിഭാശാലിയായ നടനെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.