'അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്'; ഹൈക്കോടതിയിൽ അപ്പീലുമായി ദിലീപ്
|തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് വീണ്ടും നടൻ ദിലീപ്. ആക്രമണക്കേസിലെ മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയല്ലെന്ന് ദിലീപ് വാദിച്ചു. മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു. ദിലീപിന്റെ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.
അന്വേഷണ റിപ്പോർട്ടിലെ മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാനാണ് ഏപ്രിൽ 12ന് ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിർദേശം നൽകിയത്. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കാനായി കേസ് മെയ് 30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഹരജി. കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, റിപ്പോർട്ട് അതിജീവിതയ്ക്ക് മാത്രം നൽകിയെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിലെത്തിയെന്നും അത് ജുഡിഷ്യറിക്ക് തന്നെ അപമാനമാണെന്നും ദിലീപ് ആരോപിച്ചിരുന്നു.
Summary: 'Don't give copy of memory card leak investigation report to the survivor'; Dileep appeals to the Kerala High Court in the actress assault case