നടിയെ അക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ
|വ്യാജ മൊഴിനൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗർ വിൻസെന്റ്
നടിയെ അക്രമിച്ച കേസില്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിൽ വ്യാജ മൊഴിനൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്ക ഉള്ളതായും സാഗർ വിൻസെന്റ് ഹൈക്കോടതിയെ അറിയിട്ടു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.
അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന നടന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ. ഹരിപാൽ പിന്മാറി. ഈ മാസം അവസാനം വിരമിക്കുമെന്നും അതിനാല്‍ കേസ് വേഗത്തില്‍ തീർപ്പാക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിപാൽ ചൂണ്ടിക്കാട്ടി.
ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് അറിയിച്ച ജസ്റ്റിസ് ഹരിപാൽ, കേസ് ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു. അടുത്ത ആഴ്ച മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും.
കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.