നടിയെ ആക്രമിച്ച കേസ്: ബൈജു പൗലോസിന് കോടതിയുടെ നോട്ടീസ്
|കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് നോട്ടീസ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ്. കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് നോട്ടീസ്.
നടപടികളുടെ ഭാഗമായി കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് ദിലീപ് ഇത്തരമൊരു ഹരജി നൽകിയത്. കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ്യമങ്ങൾക്ക് നൽകിയെന്നും അത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള ഹരജിയിലാണ് വിചാരണ കോടതി ബൈജു പൗലോസിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. ഹരജി 24ന് പരിഗണിക്കാനായി മാറ്റി.
ഇതിനിടെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യമനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി. "അതിജീവിത കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതി മാറ്റം ആവശ്യപ്പെട്ട് ഹരജി നൽകുന്നത് ഇതിന് വേണ്ടിയാണ്. സിബിഐ കോടതിയിൽ നടന്ന വിചാരണ സെഷൻസ് കോടതിയിലേക്ക് മാറി. ജഡ്ജി മാറിയപ്പോഴാണ് കേസിന്റെ വിചാരണ മാറിയത്. അത്തരത്തിൽ വിചാരണ മാറ്റിയത് കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാണ്. തനിയ്ക്ക് ഇതുവരെയും ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ ജാമ്യം അനുവദിക്കണം"- സുനി കോടതിയെ അറിയിച്ചു. ഈ ഹരജിയും കോടതി 24ന് പരിഗണിയ്ക്കും.