'മെമ്മറി കാർഡിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ; എന്റെ ജീവിതം നഷ്ടമായി'; നടിയെ ആക്രമിച്ച കേസിൽ ദിലീപ്
|അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ. ബാബു ദിലീപിനോട് ചോദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതു സംബന്ധിച്ചുള്ള അന്വേഷണത്തെ എതിർത്ത് നടൻ ദിലീപ്. കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് ആരോപിച്ചു. തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും നടൻ ഹൈക്കോടതിയിൽ പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ആരോപിച്ചു.
എന്നാൽ, അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ. ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു ദിലീപിന്റെ മറുപടി. തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും വാദിച്ചു. മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റുള്ളതെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഡയരക്ടർ ജനറൽ(ഡി.ജി.പി) ടി.എ ഷാജി വ്യക്തമാക്കി.
കേസ് ഈ മാസം 31ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ കൂടി സൗകര്യം പരിഗണിച്ചാണ് ഹരജി മാറ്റിയത്.
Summary: Actor Dileep objected to the investigation regarding the examination of the memory card containing the footage of the actress being assaulted