നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
|ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അവസാനമായി ഉപയോഗിച്ചിരിക്കുന്നത് 2017 ഫെബ്രുവരി 18 എന്നത് 2018 ഡിസംബർ 13 എന്നായിട്ടാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനാൽ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച്.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപ് പലദിവസങ്ങളിൽ കണ്ടതായി വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നും തുടരന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ബാചചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അവസാനമായി ഉപയോഗിച്ചിരിക്കുന്നത് 2017 ഫെബ്രുവരി 18 എന്നത് 2018 ഡിസംബർ 13 എന്നായിട്ടാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനാൽ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യണം. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാചചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചു . ദിലീപ് അടക്കമുള്ളവർ ഫോണുകളിലെ വിവരങ്ങൾ മായ്ച്ച് കളയുന്നതിനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ദിലീപും സഹോദരി ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളിൽ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. മറ്റ് നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ വീടിന് സമീപം കേസിലെ ഒന്നാം പ്രതി പൾസർ സുനി എത്തിയതിനും തെളിവുണ്ട്. ദിലീപിന്റെ ഫോണുകൾ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന കൂടുതൽ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ ലഭിച്ച തെളിവുകളിൽ നിന്ന് ബാലചന്ദ്ര കുമാർ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്നാണ് വ്യക്തമാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.